prithy

മുണ്ടക്കയം. ഭര്‍തൃപീഡനംമൂലം കൂട്ടിക്കല്‍ സ്വദേശിനി അനീഷ (21) രണ്ടു വർഷം മുൻപ് തൊട്ടിൽ കയറിൽ തൂങ്ങി മരിച്ച സംഭവത്തിൽ​ ഭര്‍ത്താവ് കോഴിക്കോട് പയ്യോളി മൂപ്പിക്കതില്‍ നാസറിനെ (25) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇളങ്കാട് ടോപ്പില്‍ കൂവളത്ത് റഹ്​മത്ത് അലി- സൈനബ ദമ്പതികളുടെ ഏക മകളായ അനീഷ 2020 ജൂലായ് ആറിനാണ് കുഞ്ഞിനെ ഉറക്കിക്കിടത്തിയശേഷം അതേ തൊട്ടിലിന്‍റെ കയറില്‍ തൂങ്ങിമരിച്ചത്. ഭര്‍ത്താവ് നാസറിനെ വിഡിയോ കോള്‍ ചെയ്ത് മരണം ലൈവായി കാണിക്കുകയും ചെയ്തിരുന്നു.

സംഭവം സംബന്ധിച്ച്​ പൊലീസ് പറയുന്നത് ഇതാണ്: അനീഷയുടെ പിതാവ്​ റഹ്​മത്ത് അലിയുടെ സഹോദരീപുത്രനാണ് നാസർ. നെടുങ്കണ്ടം സ്വദേശിയുമായാണ് ആദ്യം അനീഷയ്ക്ക് വിവാഹം ആലോചിച്ചത്. ഇക്കാര്യം സഹോദരിയോടും കുടുംബത്തോടും പറയാൻ​ റഹ്​മത്ത് അലിയും ഭാര്യയും അനീഷയെയും കൂട്ടി കോഴിക്കോട്ട്​ എത്തി ഇവരു​ടെ വീട്ടില്‍ ഒരാഴ്ചയോളം താമസിച്ചിരുന്നു. ഇതിനിടെ അനീഷയും അനീഷും അടുപ്പത്തിലായി. ഇരുവരെയും കെട്ടിക്കാമെന്ന് അയാളുടെ വീട്ടുകാര്‍ പറയുകയും ചെയ്തു. അനീഷയുടെ വീട്ടുകാർക്ക് ഈ വിവാഹത്തിന് സമ്മതമില്ലാതിരുന്നിട്ടും നാസറും കുടുംബവും അനീഷയെ കൂട്ടിക്കൊണ്ടുപോയി. റഹ്​മത്ത് അലി മുണ്ടക്കയം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായതിനാല്‍ പൊലീസ് ഇടപെട്ടില്ല. എന്നാല്‍ നാസറിന് 21 വയസ്​ പൂര്‍ത്തിയായില്ലെന്ന പരാതിയുമായി വീണ്ടും ചെന്നതോടെ ഇരുവരെയും മാറ്റിത്താമസിപ്പിക്കേണ്ടിവന്നു. പ്രായപൂര്‍ത്തിയായശേഷം വിവാഹം കഴിക്കുകയും ഒരുമിച്ചു ജീവിക്കാൻ തുടങ്ങുകയും ചെയ്തു. അധികം വൈകാതെ ഇരുവരും തമ്മിൽ വഴക്ക്​ പതിവായി. ഇതുസംബന്ധിച്ച്​ പയ്യോളി പൊലീസില്‍ നിരവധി പരാതികൾ നൽകിയിരുന്നു. ഇളങ്കാടിലെ വീടും സ്ഥലവും തന്റെ പേരില്‍ നല്‍കണമെന്നായിരുന്നു​ നാസറിന്‍റെ പ്രധാന ആവശ്യം. ഇതിന്റെ പേരിൽ മർദ്ദനവും അപവാദപ്രചാരണവും പതിവായി. ഇത് അസഹനീയമായതോടെയാണ് അനീഷ ആത്മഹത്യ ചെയ്തത്. മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയെങ്കിലും പൊലീസ് അന്വേഷണം മുന്നോട്ടു പോയില്ല. ഒടുവിൽ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണ ചുമതല കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.ബാബുക്കുട്ടനെ ഏൽപിച്ചതും അറസ്റ്റിലായതും. കോടതി നാസറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്​തു.