hima

പാലാ. മണാലിയിലെ ധവളഗിരി മലനിരകളിലേക്ക് മകനൊപ്പം ഒരമ്മയുടെ ട്രക്കിംഗ് !. പാലാ മുനിസിപ്പൽ കൗൺസിലർ മായ രാഹുലും മകൻ നകുൽ നായരുമാണ് ധവളഗിരി മലനിരകളിലെ ഏറ്റവും ചെങ്കുത്തായ ഫ്രണ്ട്ഷിപ്പ് പർവ്വതം കയറിയത്. കഴിഞ്ഞ 13 നായിരുന്നു യാത്രയുടെ തുടക്കം. ജിമ്മിൽ പോയി കുറച്ചൊക്കെ ശാരീരികക്ഷമത ഉണ്ടാക്കിയിരുന്നെങ്കിലും മായ മഞ്ഞുമല കാണുന്നതുപോലും ആദ്യമായിട്ടായിരുന്നു. എങ്കിലും മല കയറാൻ തന്നെ ഇരുവരും തീരുമാനിച്ചു.

17500 അടി ഉയരമുണ്ട് ഫ്രണ്ട്ഷിപ്പ് പർവ്വതത്തിന്. ആദ്യദിവസം കിലോമീറ്ററുകളോളം കയറി ബേസ് ക്യാമ്പിലെത്തി. പിറ്റേന്ന് അവിടെ നിന്ന് കൈക്കോടാലികൊണ്ട് മഞ്ഞുകട്ടകൾ വെട്ടിയരിഞ്ഞ് അമ്മയും മകനും മുകളിലേക്ക് കയറിത്തുടങ്ങി. ഇടുങ്ങിയ പാത. ഒരുവശത്ത് കൊടുംകൊക്ക. മറുവശത്ത് താഴെ ചെറിയൊരു നദി. ഇതൊന്നും 40കാരിയായ മായയുടെയും 17 കാരനായ നകുലിന്റെയും മനസ്സിളക്കിയില്ല. മഞ്ഞിൽ കൈകാലുകൾ കോച്ചിവലിച്ചിട്ടും ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയിട്ടും സാവധാനം അവർ മുകളിലേക്ക് കയറി. കൂട്ടിന് പരിചയ സമ്പന്നയായ ഗൈഡ് പ്രീതം മാത്രം.

മൂന്നാം ദിവസം 15000 അടി ഉയരത്തിലെത്തിയപ്പോഴാണ് നിനച്ചിരിക്കാതെ അപകടമുണ്ടായത്. ഒരു മഞ്ഞുപാളിയിൽ തട്ടി മായ വീണു. ''ആകെ ഭയന്നുപോയി. ഇതോടെ കാലിലും കൈയിലും മസിലുകയറി ഒരടി മുന്നോട്ട് വയ്ക്കാനാവാത്ത അവസ്ഥയിലായി. '' മായ പറഞ്ഞു. അങ്ങിനെ ഗൈഡിന്റെ നിർദ്ദേശപ്രകാരം 2500 അടി താഴെവച്ച് മനസ്സില്ലാമനസ്സോടെ മായ യാത്ര അവസാനിപ്പിച്ചു. പിന്നെയും ഏറെ ദൂരം മുന്നേറിയെങ്കിലും കനത്ത മഞ്ഞുവീഴ്ച മൂലം പർവ്വതാഗ്രത്തിന് തൊട്ടുമുന്നേ 200 ബാക്കി നിൽക്കെ നകുലിനും പിന്തിരിയേണ്ടിവന്നു. എങ്കിലും മുൻപരിചയമില്ലാതെ ഇത്രയും കയറുകയെന്നത് അസാധാരണമെന്നാണ് ഗൈഡ് പ്രീതം സാക്ഷ്യപ്പെടുത്തുന്നത്.

പാലാ പുളിക്കൽ രാഹുലിന്റെ ഭാര്യയാണ് മായ. പാലാ നഗരസഭ 19ാം വാർഡിൽ നിന്ന് കോൺഗ്രസ് പ്രതിനിധിയായി ജയിച്ചു. ഭർത്താവ് രാഹുലും മറ്റു മക്കളായ നരേനും നമനും ചേർന്നാണ് മണാലിയിലേക്ക് പോയതെങ്കിലും അവർ ട്രക്കിംഗിന് ഒരുമ്പെട്ടില്ല.