പാലാ: ജനറൽ ആശുപത്രിയുടെ പഴയ ഒ.പി. വിഭാഗം ശോച്യാവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസം കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി ചൂണ്ടിക്കാട്ടിയത് വാസ്തവമാണെന്നും പ്രശ്‌നം എത്രയും വേഗം പരിഹരിക്കുമെന്നും നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. പാലാ ജനറൽ ആശുപത്രി വികസന സമിതി യോഗത്തിന് ശേഷം ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും പഴയ ഒ.പി ബ്ലോക്കിന്റെ മുൻവശം സന്ദർശിച്ചു. ഇവിടെ കെട്ടിടനിരകളിൽ ആൽത്തൈകൾ വളർന്ന് നിൽക്കുന്നതും പായൽ പിടിച്ചതും ഇരുവരും നേരിട്ട് കണ്ടു. ഇവിടെ പൈപ്പ് ചോർന്നൊലിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. എത്രയും വേഗം പഴയ ബഹുനില മന്ദിരം പെയിന്റ് ചെയ്യുമെന്നും പൊട്ടിയ പൈപ്പുകൾ നന്നാക്കുമെന്നും ചെയർമാൻ പറഞ്ഞു. കെട്ടിടം പെയിന്റ് ചെയ്യുന്നതിന് പത്തുലക്ഷത്തിൽപ്പരം രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ടെന്നും ചെയർമാൻ വിശദീകരിച്ചു.
കഴിഞ്ഞ ദിവസം നടന്ന പാലാ നഗരസഭ യോഗത്തിൽ നഗരസഭ പ്രദേശം ചീഞ്ഞുനാറുന്നുണ്ടെന്ന പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയുടെ വാക്കുകൾ ഭരണപക്ഷത്തുനിന്ന് ഏറെ എതിർപ്പുകൾക്ക് ഇടയാക്കിയിരുന്നു. എവിടെയാണ് ചീഞ്ഞുനാറുന്നതെന്ന് വിശദീകരിക്കണമെന്ന് ഭരണപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. പാലാ ജനറൽ ആശുപത്രിയുടെ പഴയ ഒ.പി. വിഭാഗത്തിലേക്ക് വന്നാൽ ഇത് നേരിൽ കാണാമെന്നായിരുന്നു പ്രതിപക്ഷ നേതാവ് സതീശ് ചൊള്ളാനിയുടെ മറുപടി. ഇതിനെതുടർന്നാണ് നഗരസഭ അധികാരികൾ സ്ഥലം സന്ദർശിച്ചത്.