മാസം 600 രോഗികൾക്ക് പ്രയോജനം ലഭിക്കും

പാലാ: നീണ്ടകാത്തിരിപ്പിന് ശേഷം പാലാ ജനറൽ ആശുപത്രിയിൽ വൃക്കരോഗികൾക്ക് ഡയാലിസിസ് സൗകര്യം ലഭ്യമായി. രജിസ്റ്റർ ചെയ്തവരിൽ തിരഞ്ഞെടുത്ത അതിസങ്കീർണ്ണ അവസ്ഥയിലല്ലാത്ത മുഴുവൻ വൃക്കരോഗികൾക്കും ഡയാലിസിസ് നടത്താം. മാസം തോറും പാവപ്പെട്ട 600 രോഗികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ആശുപത്രി വികസന സമിതി ചെയർമാൻ കൂടിയായ പാലാ നഗരസഭാദ്ധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. രണ്ട് വർഷം മുൻപ് ഇവിടെ എത്തിക്കുകയും പിന്നീട് തിരികെകൊണ്ടുപോവുകയും ചെയ്ത 10 ഡയാലിസിസ് മിഷ്യനുകളും ജോസ്.കെ.മാണി എം.പിയുടെ ഇടപെടലിനെ തുടർന്നാണ് ജനറൽ ആശുപത്രിയിൽ സ്ഥാപിച്ചത്. ഇതുവരെ 50ൽ പരം പേർക്ക് ഡയാലിസിസ് നൽകി കഴിഞ്ഞു. പൂർണമായും ശീതീകരിച്ച മുറിയാണ് സജീകരിച്ചിരിക്കുന്നത്. ഒരേസമയം 10 പേർക്കും രണ്ട് ഷിഫ്ടുകളിലായി ആദ്യഘട്ടത്തിൽ 20 പേർക്കും ഡയാലിസിസ് സൗകര്യം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയും.ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും പറഞ്ഞു. മാണി.സി.കാപ്പൻ എം.എൽ.എ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

സ്ഥിരം തസ്തികയ്ക്കായി ശ്രമം

നെഫ്രോളജി വിഭാഗം ഡോക്ടറുടെ സ്ഥിരം തസ്തികയ്ക്കായി ശ്രമം നടത്തുമെന്നും വൃക്കരോഗ ഒ.പി വിഭാഗവും കിടത്തി ചികിത്സയും കൂടി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആന്റോ പടിഞ്ഞാറേക്കര പറഞ്ഞു. ബഹുനില മന്ദിരത്തിലെ ഒന്നാം നില മുഴുവൻ ഡയാലിസിസ്, നെഫ്രോളജി വിഭാഗത്തിനായി മാത്രം മാറ്റിവച്ചിരിക്കുകയാണ്. ഇവിടേക്ക് റാമ്പ് സൗകര്യത്തിനു പുറമേ രണ്ട് ബെഡ് കം പാസഞ്ചർ ലിഫ്ട് കൾ കൂടി ഉടൻ പ്രവർത്തനസജ്ജമാകും. ഡയാലിസിസ് റൂമിൽ ടി.വിയും മ്യൂസിക് സിസ്റ്റവും ഏർപ്പെടുത്തിയിട്ടുണ്ട്. ചികിത്സാ സമയക്രമം നിശ്ചയിക്കുന്നതിനായി രോഗികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ചെയർമാൻ അറിയിച്ചു.