
കോട്ടയം. ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയ്ക്ക് 80.26 ശതമാനം വിജയം. മുൻവർഷം 88.16 ശതമാനമായിരുന്നു. 16620 പേർ ഉപരിപഠനത്തിന് അർഹരായി. 1751 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ആറ് സ്‌കൂളുകൾ നൂറുശതമാനം വിജയം കരസ്ഥമാക്കി. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 68.27 ശതമാനവും ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 76 ശതമാനവുമാണ് വിജയം. ഹയർസെക്കൻഡറിയിൽ 130 സ്‌കൂളുകളിൽ നിന്നായി 20708 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇവരിൽ 16620 പേർ വിജയിച്ചു.
ഞാലിയാകുഴി മാർ ഗ്രീഗോറിയോസ്, ചെത്തിപ്പുഴ ക്രിസ്തുജ്യോതി, മാന്നാനം കെ.ഇ.ഇ.എം.എച്ച്.എസ്, പാലാ സെന്റ് വിൻസെന്റ്, കോട്ടയം സെന്റ് ജോസഫ് ഗേൾസ്, തലയോലപ്പറമ്പ് നീർപ്പാറ ബധിര വിദ്യാലയം എന്നിവയാണ് 100 ശതമാനം വിജയം നേടിയ സ്‌കൂളുകൾ.
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 1831 പേർ പരീക്ഷയെഴുതിയതിൽ 1250 പേർ ഉപരിപഠനത്തിന് അർഹരായി. കഴിഞ്ഞ വർഷം 76.99 ശതമാനമായിരുന്നു. ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ പരീക്ഷയെഴുതിയ 75 പേരിൽ 57 പേർ ഉപരിപഠനത്തിന് അർഹരായി. മുഴുവൻ വിഷയങ്ങൾക്കും ആർക്കും എ പ്ലസ് ഇല്ല. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 59. 92 ശതമാനം പേർ വിജയിച്ചു. ആകെ 318 പേർ പരീക്ഷയെഴുതിയപ്പോൾ 181 പേർ വിജയിച്ചു. ഒമ്പതു പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കി.