കോട്ടയം : ലക്ഷങ്ങൾ മുടക്കി നിർമ്മിച്ചതാണ്, ഒന്നല്ല മൂന്നെണ്ണം , പക്ഷെ സ്ത്രീകൾക്കെന്ത് പ്രയോജനം. ആർക്കെങ്കിലും ശങ്ക തോന്നിയാൽ വ്യാപാരസ്ഥാപനങ്ങളിലെയോ, സ്റ്റാൻഡിലെയോ ടോയ്‌ലെറ്റുകളാണ് ശരണം. ദിനംപ്രതി നൂറുകണക്കിന് സ്ത്രീ യാത്രക്കാർ വന്നു പോകുന്ന കോട്ടയം നഗരമദ്ധ്യത്തിൽ നിർമ്മിച്ച ഷീ ടോയ്‌ലെറ്റ് (വനിതകളുടെ കൂട്ടുകാരി) ആണ് നാളുകളായി പൂട്ടികിടക്കുന്നത്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നഗരത്തിൽ യാതൊരുവിധ സംവിധാനങ്ങളും ക്രമീകരിച്ചിട്ടില്ല. തിരുനക്കര മൈതാനം, നാഗമ്പടം ബസ് സ്റ്റാൻഡ്, പഴയപൊലീസ് സ്റ്റേഷൻ മൈതാനം എന്നിവിടങ്ങളിലാണ് ഷീടോയ്‌ലെറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. നഗരസഭയുടെ വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമ്മാണം. ഇടക്കാലത്ത് തുറന്നു പ്രവർത്തിച്ചിരുന്നു. ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് വീണ്ടും പൂട്ട് വീണു.

ആധുനിക സജ്ജീകരണങ്ങൾ

ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ടോയ്‌ലെറ്റുകളാണ് പൂട്ടികിടക്കുന്നത്. റാംപ് ഉൾപ്പെടെയുള്ളവ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാർ മാത്രമല്ല, നഗരത്തിലെ ചെറുകിട സ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാർ ഉൾപ്പെടെയുള്ളവർ ആശ്രയിക്കുന്നത് ഈ ടോയ്‌ലെറ്റുകളെയായിരുന്നു.

നഗരത്തിലെത്തുന്ന ഞങ്ങൾ പ്രാഥമികാവശ്യം നിറവേറ്റുന്നതിന് എന്ത് ചെയ്യും.

തിരക്കേറിയ നഗരത്തിലെ ടോയ്‌ലെറ്റുകൾ എന്തിനാണ് കൂടെക്കൂടെ അധികൃതർ അടച്ചിടുന്നത്. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണം.

ശാലിനി, യാത്രക്കാരി