പാലാ: ജനറൽ ആശുപത്രിക്ക് മുൻ മന്ത്രി കെ.എം മാണിയുടെ പേര് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. പാലാ നഗരസഭയുടേയും ആശുപത്രി മാനേജിംഗ് കമ്മറ്റിയുടേയും തീരുമാനം മന്ത്രി റോഷി അഗസ്റ്റ്യൻ മുഖേന ആരോഗ്യ വകുപ്പിന് സമർപ്പിച്ചതിനെ തുടർന്നാണ് ആരോഗ്യ വകുപ്പു മന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ജനറൽ ആശുപത്രിക്ക് കെ.എം.മാണിയുടെ പേര് നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്. 2004 ലാണ് മീനച്ചിൽ താലൂക്ക് ആശുപത്രിയെ അന്ന് മന്ത്രിയായിരുന്ന കെ.എം.മാണിയുടെ ശുപാർശയിൽ 341 ബഡുകളുള്ള ജനറൽ ആശുപത്രിയായി ഉയർത്തിയത്. എല്ലാ സ്‌പെഷ്യാലിറ്റി വിഭാഗത്തോടും കൂടിയാണ് താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയാക്കിത്. ഏഴു നിലകളോടുകൂടിയ ബഹുനില സമുച്ചയവും ജനറൽ ആശുപത്രിക്കായി നിർമ്മിച്ചു. പിന്നീട് കെ.എം മാണിയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും നൽകിയ 9.75 കോടി മുടക്കിൽ രോഗനിർണയ കേന്ദ്രവും പിന്നീട് 40 കോടിയുടെ ഭരണാനുമതി നൽകി ഒ.പി. കം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, കാത്ത് ലാബ് ബ്ലോക്ക് എന്നീ കെട്ടിട സമുച്ചയങ്ങളും നിർമ്മിച്ചു. ആവശ്യമായ തസ്തികളും അനുവദിച്ചു നൽകിയിരുന്നു. 2019ൽ ആശുപത്രി മാനേജിംഗ് കമ്മിറ്റിയും പാലാ നഗരസഭാ കൗൺസിലും ജനറൽ ആശുപത്രിക്ക് കെ.എം മാണി മാണിയുടെ പേർ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി സർക്കാരിലേക്ക് നൽകിയിരുന്നു. വിഷയം മന്ത്രി റോഷി അഗസ്റ്റ്യൻ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്നാണ് ആശുപത്രിക്ക് കെ.എം മാണിയുടെ പേര് നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്.
സർക്കാരിന് നന്ദി
പാലാ ജനറൽ ആശുപത്രിക്ക് കെ.എം മാണിയുടെ പേര് നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അഭിനന്ദിച്ചു. യോഗത്തിൽ ടോബിൻ കെ.അലക്‌സ്, ഫിലിപ്പ് കുഴികുളം, ബൈജു കൊല്ലം പറമ്പിൽ, ജയ്‌സൺ മാന്തോട്ടം, ബിജു പാലൂപടവിൽ എന്നിവർ പ്രസംഗിച്ചു.