ഏറ്റുമാനൂർ : ഏറ്റുമാനൂർ നഗരപരിധിയിലെ വാർഡുകളിൽ മഴക്കാല പൂർവ ശുചീകരണം ആരംഭിച്ചു. ജൂൺ ഒന്നിനു മുൻപായി തീർക്കേണ്ട ജോലികൾ ഏറെ വൈകിയാണ് ആരംഭിച്ചത്. റോഡുകളുടെ ഇരുവശവും വൃത്തിയാക്കി തടസമില്ലാതെ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള പ്രവർത്തികളാണ് പ്രധാനമായും നടക്കുന്നത്. അതത് വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഈ ജോലികൾ ചെയ്യുന്നത്. വാർഡുകളിലേക്ക് ഇരുപതിനായിരം രൂപ വീതം മഴക്കാലപൂർവ ശുചീകരണത്തിനായി നഗരസഭ അനുവദിച്ചിട്ടുണ്ട്.
ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷയായിരുന്ന യു.ഡി.എഫ് പ്രതിനിധി സുനീത ബിനീഷിന്റെ രാജിയെത്തുടർന്ന് നഗരപരിധിയിലെ ശുചീകരണം മുടങ്ങിയിരുന്നു. പുതിയ അദ്ധ്യക്ഷയായി സ്വതന്ത്ര അംഗം ബീനാ ഷാജി സ്ഥാനം ഏറ്റെടുത്തതിന് ശേഷമാണ് ശുചീകരണ പ്രവർത്തികൾ ആരംഭിച്ചത്.