പൊൻകുന്നം: പ്രാദേശിക സാമ്പത്തിക വികസനത്തിന് വേണ്ടിയുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ചിറക്കടവ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വനിതാ സംരംഭകത്വ ശില്പശാല സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് ചെയർപേഴ്‌സൺ ഉഷാ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ അമ്പിളി ശിവദാസ്, ലീന കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 200 വനിതകൾ പങ്കെടുത്തു. പാലക്കാട് ഇന്റഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്ററിലെ ലൈവ് ലി ഹുഡ് ഡിവിഷൻ കോഓർഡിനേറ്റർ എ.കെ.മാത്യു ശില്പശാലയ്ക്ക് നേതൃത്വം നൽകി. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ കീഴിൽ അട്ടിക്കൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സയൻസ് സെന്ററാണ് ശില്പശാലയ്ക്ക് ആവശ്യമായ സാങ്കേതിക സഹായം നൽകുന്നത്.