മുണ്ടക്കയം: എന്തൊരു ദുർഗതിയാണ്. ഞങ്ങൾ എങ്ങനെ വഴിനടക്കും! കാൽനടയാത്രികരുടെ ശാപവാക്കുകൾ അവസാനിക്കുന്നില്ല. മുണ്ടക്കയം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള മലിനജലം പൊതുനിരത്തിലൂടെ പരന്നൊഴുകുമ്പോൾ കാൽനടയാത്രികർക്ക് അത്രയേറെ ദുരിതമാണ്.
ബി.ഒ.ടി അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷന്റെ മാലിന്യ ടാങ്ക് നിറഞ്ഞതാണ് മലിനജലം പൊതുനിരത്തിലൂടെ ഒഴുകാൻ കാരണം. മഴ കൂടി പെയ്താൽ വഴി നടക്കാൻ കഴിയാത്ത അവസ്ഥ. ബസ് സ്റ്റാൻഡിനോട് ചേർന്ന് ടാക്സി സ്റ്റാൻഡ് പ്രവർത്തിക്കുന്ന ഭാഗത്താണ് മലിനജലം പരന്നൊഴുകുന്നത്. ഇങ്ങനെ ഒഴുകുന്ന മലിനജലം മുണ്ടക്കയം ടൗണിലെ ഓടയിലേക്കാണ് എത്തുന്നത്. ടൗണിലെ അഴുക്കുചാലിലെ മലിനജലം മണിമലയാറ്റിലെക്ക് ഒഴുക്കുന്നതിനെതിരേ പ്രതിഷേധം വ്യാപകമായിരിക്കുന്നതിനിടെയാണ് കംഫർട്ട് സ്റ്റേഷനിൽനിന്നുള്ള മലിനജലം കൂടി അഴുക്കുചാലിലേക്ക് എത്തുന്നത്.
വ്യാപാരികളും ദുരിതത്തിൽ
സ്വകാര്യ വ്യാപാര സ്ഥാപനത്തിന് മുന്നിലൂടെ മലിനജലം ഒഴുകുന്നത് മൂലം വ്യാപാരികളും ദുരിതത്തിലാണ്. ഡെങ്കിപ്പനിയും മഞ്ഞപ്പിത്തമടക്കമുള്ള സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇതു ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെയ്ക്കും.