മഹാത്മാഗാന്ധി ഹയർസെക്കൻഡറി സ്‌കൂൾ, പാലാ ഡി.ഇ.ഒയ്ക്കെതിരെ പി.ടി.ഐ
പാലാ: കുട്ടികൾക്ക് പഠിക്കേണ്ട ആക്ടിവിറ്റി ഏരിയായിൽ വാഹനപാർക്കിംഗിനായുള്ള ഷെഡ്... ഹൈസ്‌കൂളിന്റെ സയൻസ് ലാബ് ആകട്ടെ ആക്രി നിറയ്ക്കാനുള്ള സ്ഥലവും... ലാബ് ഇപ്പോൾ അടച്ചുപൂട്ടി... കാലിത്തൊഴുത്തിനേക്കാൾ കഷ്ടമാക്കുകയാണ് പാലായിലെ പുതിയ ഗവ. സ്‌കൂൾ മന്ദിരം. വിദ്യാഭ്യാസരംഗത്ത് ഏറെ മികവോടെ മുന്നേറുന്ന പാലാ മഹാത്മാഗാന്ധി മെമ്മോറിയൽ ഗവ. ഹൈസ്‌കൂളിനോടാണ് അധികാരികളുടെ ഈ അവഗണന. പാലാ ഡി.ഇ.ഒ യുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് സുഗമമായി പഠിക്കുന്നതിനുള്ള അവസരം നിഷേധിക്കൽ നടക്കുന്നതെന്ന് ആരോപിച്ച് പ്രതിഷേധവുമായി സ്‌കൂൾ രക്ഷാകർതൃസമിതിയും രംഗത്തെത്തി. സിവിൽ സ്റ്റേഷനിൽ മുറിയുണ്ടായിട്ടും ഹൈസ്‌കൂളിന്റെ സെല്ലാർ ഹാളിലാണ് ഡി.ഇ.ഒ. ഓഫീസ് താത്കാലികമായി പ്രവർത്തിക്കുന്നതെന്ന് സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ദിവാകരൻ കെ.ആർ കുറ്റപ്പെടുത്തുന്നു. പാലാ നഗരസഭയുടെ ചുമതലയിലാണ് മഹാത്മാഗാന്ധി ഹയർസെക്കൻഡറി സ്‌കൂളിന്റെ പ്രവർത്തനം. എന്നാൽ സ്‌കൂൾ വിദ്യർത്ഥികളെ ബുദ്ധിമുട്ടിലാക്കുന്ന പ്രവർത്തനം ഒഴിവാക്കണമെന്ന് നഗരസഭ ചെയർമാൻ ആന്റോ ജോസും, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ തോമസ് പീറ്ററും പലവട്ടം ആവശ്യപ്പെട്ടിട്ടും ജില്ലാ വിദ്യാഭ്യാസ അധികാരികൾ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. നഗരസഭയെ നോക്കുകുത്തിയാക്കിക്കൊണ്ട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്റെ പഠനനിലവാരം ഇടിച്ചുതാഴ്ത്താൻ ചിലർ ശ്രമിക്കുകയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സ്‌കൂൾ മുറികൾ കൈയേറുകയും ആക്ടവിറ്റി ഏരിയ കാർഷെഡും സ്‌കൂട്ടർഷെഡുമാക്കി മാറ്റിയ നടപടിക്കെതിരെയും പി.ടി.എ. ഭാരവാഹികൾ ജില്ലാ വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ഇനിയും ഈ സ്ഥിതി തുടർന്നാൽ സമരവുമായി രംഗത്തെത്തുമെന്ന് പി.ടി.എ പ്രസിഡന്റ് ദിവാകരൻ കെ.ആർ വ്യക്തമാക്കി.
ഇത് താത്ക്കാലിക സംവിധാനം
പാലാ: മഹാത്മാഗാന്ധി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഡി.ഇ.ഒ. ഓഫീസ് താല്ക്കാലികമായി മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് പാലാ ഡി.ഇ.ഒ. ജയശ്രീ പറഞ്ഞു. സിവിൽ സ്റ്റേഷനിലെ ഡി.ഇ.ഒ ഓഫീസ് ഇ ഓഫീസ് ആക്കുന്നതിന്റെ ഭാഗമായി വൈദ്യുതീകരണ ജോലികൾ നടക്കുന്നതിനാലാണ് ഡി.ഇ.ഒ ഓഫീസ് തൽക്കാലം ഗവ.സ്‌കൂളിലേക്ക് മാറ്റിയത്. ജൂലായ് രണ്ടാം വാരം ഓഫീസ് വീണ്ടും സിവിൽ സ്റ്റേഷനിലേക്ക് തിരികെ മാറ്റുമെന്നും ഡി.ഇ.ഒ. വിശദീകരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
1. പാലാ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ആക്ടിവിറ്റി ഏരിയായിൽ ഡി.ഇ.ഒ ഓഫീസ് ജീവനക്കാരുടെ സ്‌കൂട്ടർ നിരത്തിവെച്ചിരിക്കുന്നു
2. അടച്ചുപൂട്ടിയ സയൻസ് ലാബ്