പാലാ: വലവൂരിൽ സ്ഥാപിതമായ ഇൻഡ്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ട്രിപ്പിൾ ഐ.ടി) ക്യാമ്പസിനോട് അനുബന്ധിച്ച് അഭ്യസ്ഥ വിദ്യർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ' ഇൻഫോസിറ്റി ' കൂടി സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക സാദ്ധ്യതാ സർവേയുടെ വിവിധ ഘട്ടങ്ങൾ പൂർത്തിയായതായി ജോസ്.കെ.മാണി എം.പി പറഞ്ഞു. കെ.എം.മാണി ധനകാര്യ മന്ത്രിയായിരുന്ന സമയത്താണ് പദ്ധതിക്ക് അനുമതി നൽകിയത്.2012 ൽ ഐ.ടി വകുപ്പിന്റെ കീഴിൽ വലവൂരിൽ ഇതിനായുള്ള ഭൂമി ഏറ്റെടുക്കലിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിരുന്നു. വ്യവസായ വകുപ്പു മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് പദ്ധതി ' കിൻഫ്രാ 'മുഖേന നടപ്പിലാക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരള കോൺ.(എം) പാലാ നിയോജകമണ്ഡലം നേതൃയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ജോസ്.കെ.മാണി. യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് ടോബിൻ.കെ.അലക്‌സ് കണ്ടനാട്ട് അദ്ധ്യക്ഷത വഹിച്ചു.