കോട്ടയം : കേരളത്തെ രാജ്യത്തെ മികച്ച വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് സംസ്ഥാന ബഡ്ജറ്റിൽ ഏറ്റവും കൂടുതൽ പ്രാധാന്യവും കൂടുതൽ പണവും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയിട്ടുള്ളത്. കേരള കൗമുദി എഡ്യൂസെറ്റ് എന്ന വിദ്യാഭ്യാസ സെമിനാർ പ്രസ് ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. ഒരു മാദ്ധ്യമത്തിനപ്പുറം സാമൂഹ്യ പ്രതിബദ്ധതയോടെ ജനപക്ഷത്തു നിന്ന് വിവിധ പരിപാടികൾ നടത്തുന്ന ന്ന കേരളകൗമുദിയെ മന്ത്രി പ്രശംസിച്ചു. വിദ്യാഭ്യാസ പുരോഗതി മുന്നിൽ കണ്ട് നിരവധി പ്രവർത്തനങ്ങളാണ് കേരളകൗമുദിയുടെ ഭാഗത്ത് നിന്ന് എന്നുമുണ്ടായിട്ടുള്ളത്. കേരള കൗമുദിയുടെ മുഖപ്രസംഗംങ്ങളും ലേഖനങ്ങളും എക്കാലത്തും ജനങ്ങളെ സ്വാധിനിക്കുന്നതാണ്.
കൊവിഡ് കാലത്ത് രാജ്യമെമ്പാടും ഭീതിപരക്കുമ്പോഴും കേരളത്തിന് അത് തരണം ചെയ്യാൻ കഴിഞ്ഞത് ആരോഗ്യരംഗത്തെ മികവാണ്. ഉന്നത മെഡിക്കൽ വിദ്യാഭ്യാസമാണ് ഇതിനു കാരണമായത്. . വിദ്യാഭ്യാസം ആർജിക്കുകയെന്നത് ഇന്ന് നിർബന്ധിതമായി തീർന്നു. മുൻപ്, വിവിധ കാരണങ്ങളാൽ പ്രാഥമികവിദ്യാഭ്യാസം പോലും ലഭിക്കാത്ത സ്ഥിതിയായിരുന്നു. ഇന്ന് പ്രാഥമിക വിദ്യാഭ്യാസ രംഗം മുതൽ വലിയ മാറ്റങ്ങളുണ്ടായി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കേരളത്തിൽ ടൂറിസം, സംസ്‌കാരം, പ്രകൃതി തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് പഠിക്കുന്നതിന് നൂതന കോഴ്‌സുകൾ ആരംഭിക്കണം. കേരളത്തെ മികച്ച വിദ്യാഭ്യാസ ഹബ്ബായാലേ ഇത് സാധിക്കൂ.
വരാനിരിക്കുന്ന കാലങ്ങളിൽ സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്‌നം ശുദ്ധജലക്ഷാമമാണ്. സമ്പൂർണ്ണ ശുദ്ധജലം ക്ഷാമം പരിഹരിക്കുന്നതിനായി 226 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുന്നത്. 20 വർഷം മുൻപുണ്ടായിരുന്ന ജലസ്രോതസ്സുകൾ പുനരുദ്ധീകരിക്കും. . 2025ൽ മുഴുവൻ ഗ്രാമീണ മേഖലകളിലും 2026ൽ നഗര മേഖലകളിലും ശുദ്ധജലം വിതരണം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൂടാതെ, തീരദേശപ്രദേശ സംരക്ഷണവും ശുദ്ധജലം എത്തിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിക്കും. ഇതിനായി 340 കോടി രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.എം.ജി സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ.സാബുതോമസ് മുഖ്യ പ്രഭാഷണം നടത്തി. കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ് അദ്ധ്യക്ഷനായിരുന്നു. സ്പെഷ്യൽ കറസ് പോണ്ടന്റ് വി.ജയകുമാർ സ്വാഗതവും ബ്യൂറോ ചീഫ് രാഹുൽ ചന്ദ്ര ശേഖർ നന്ദിയും പറഞ്ഞു. തെങ്ങണ ഗുഡ് ഷേപ്പേർഡ് സ്കൂൾ ചെയർമാൻ വർക്കി എബ്രഹാം കാച്ചനാത്ത്, ഭാരത് എഡ്യൂക്കേഷമൽ ട്രസ്റ്റ് ആൻഡ് കോളേജ് ഒഫ് അലൈഡ് ഹെൽത്ത് സയൻസ് ഡയറക്ടർ രാജ് മോഹൻ നായർ എന്നിവർക്ക് കേരളകൗമുദിയുടെ ഉപഹാരം മന്ത്രി റോഷി അഗസ്റ്റിൻ നൽകി. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഞ്ചു സുജിത്ത്, ഈട്ടിക്കൽ രാജൻ തുടങ്ങിയവർ സംബന്ധിച്ചു. കുമരകം എസ്.എൻ കോളേജിൽ നിന്നുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും വിദ്യാഭ്യാസ സെമിനാറിൽ പങ്കെടുത്തു