പൊൻകുന്നം : പൊൻകുന്നം മിനി സിവിൽ സ്റ്റേഷൻ പരിസരം കാടുകയറിയ നിലയിൽ. കോടികൾ മുടക്കിനിർമ്മിച്ച സിവിൽ സ്‌റ്റേഷൻ മന്ദിരത്തിന്റെ പരിസരമാകെ തറയോട് പാകി മനോഹരമാക്കിയതാണ്. എന്നാൽ ഇപ്പോൾ തറയോട് കാണാൻ പോലുമില്ല. മുറ്റത്തിന്റെ ഒരു ഭാഗവും നടപ്പാതയും കാടു വളർന്നുമൂടി. സിവിൽ സ്റ്റേഷന്റെ പിൻഭാഗത്ത് വിദ്യാഭ്യാസ വകുപ്പ് ഓഫീസിനും ഇടയ്ക്കുള്ള ഭാഗം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി. ഇതു വഴിയുള്ള നടപ്പാതയും കാട് കയറി അപ്രത്യക്ഷമായി. കാൽനടയാത്ര പോലും അസാദ്ധ്യമാണ്. നാല് നിലകളിലുള്ള മന്ദിരത്തിൽ 15 സർക്കാർ ഓഫീസുകളാണ് പ്രവർത്തിക്കുന്നത്. സിവിൽ സ്റ്റേഷനിലെ നടത്തിപ്പിനായി ഉദ്യോഗസ്ഥതല കമ്മിറ്റിയുണ്ടെങ്കിലും നിഷ്‌ക്രിയമാണ്. സിവിൽ സ്റ്റേഷൻ പരിസരം കാട് വെട്ടിതെളിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം.