krishi

കോട്ടയം. അധികമായി ലഭിച്ച വേനൽമഴയും അളവ് കുറഞ്ഞ കാലവർഷവും കർഷകർക്ക് കാലക്കേടാകുന്നു. ഇതോടെ പുത്തൻ പരീക്ഷണങ്ങൾ നിർദേശിക്കുകയാണ് കാർഷിക വിദഗ്ദ്ധർ

ഇത്തവണയും കാലാവസ്ഥ ചതിക്കുകയാണെന്ന് കർഷകർ പറയുന്നു. പുതിയ സീസണിൽ കപ്പ കൃഷി ആരംഭിച്ച ഒട്ടേറെ കർഷകരുടെ കണക്കുകൂട്ടൽ തെറ്റി. നട്ട കപ്പ പലതും ചീഞ്ഞു. പുതിയത് നടാൻ പലരും നിർബന്ധിതരായി. പച്ചക്കപ്പയുടെ വില ഉയർന്നപ്പോഴും അതിനനുസരിച്ചുള്ള ഉത്പാദനമില്ല. പാവൽ, പടവലം, വെള്ളരി തുടങ്ങിയവയാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. എന്നാൽ കാലാവസ്ഥ വ്യതിയാനം മൂലം രോഗബാധ വർദ്ധിച്ചു. മഴ കുറവ് വളർച്ച മുരടിപ്പിച്ചു. ഇതിന് പിന്നാലെ കീടനാശിനി, വളം എന്നിവയുടെ വില ക്രമാതീതമായി ഉയർന്നതും പണിയായി. വേനൽ മഴ കൂടുതൽ ദുരിതത്തിലാക്കിയത് നെൽകർഷകരെയാണ്. അപ്രതീക്ഷിതമായ മഴയിൽ കൊയ്ത്ത് അവതാളത്തിലായി. ഒപ്പം കൃഷി നാശവും.

ഗ്രീൻ ഹൗസ് കൃഷിക്ക് നിർദേശം.

കാലാവസ്ഥ വ്യതിയാനം അതിജീവിക്കാൻ ഗ്രീൻ ഹൗസ് കൃഷി രീതി വ്യാപകമാക്കണമെന്ന് നിർദേശം ഉയരുന്നു. പ്രകൃതിയെ വിളകൾക്കു ഗുണമാകുന്ന രീതിയിൽ നിയന്ത്രിച്ചെടുക്കുന്ന സംവിധാനമാണ് ഗ്രീൻ ഹൗസുകൾ അഥവാ പോളി ഹൗസുകൾ. ചെടിയെ ചൂട്, മഴ, തണുപ്പ്, വെയിൽ എന്നിവയിൽ നിന്ന് സംരക്ഷിച്ച് വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം കൃത്രിമമായി സൃഷ്ടിക്കുകയാണ് പോളി ഹൗസുകളിൽ ചെയ്യുന്നത്.

അതിജീവിക്കുന്ന കിഴങ്ങുകളും.

കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാൻ ശ്രീകാര്യം കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത വിവിധ ഇനങ്ങൾ കുടുത്തുരുത്തി, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി പ്രദേശങ്ങളിൽ പരീക്ഷിക്കുന്നുണ്ട്. ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത എം.എൻ.എസ് 13 എ.പിങ്ക്, എം.എൻ.എസ് 143, 255,48, എം.എൻ 247, ശ്രീസുവർണ, ശ്രീരക്ഷ, കാവേരി തുടങ്ങിയ ഇനങ്ങളാണ് നടുന്നത്.