എരുമേലി: എരുമേലി സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്ന സാഹചര്യത്തിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ നേതൃത്വത്തിൽ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അടിയന്തര യോഗം ചേർന്നു. ഡോക്ടർമാരെ നിയമിച്ച് ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. നൂറുകണക്കിന് രോഗികളെത്തുന്ന ആശുപത്രി ഒ.പി വിഭാഗത്തിൽ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. വർക്കിംഗ് അറേഞ്ച്‌മെന്റിന്റെ ഭാഗമായി ആശുപത്രിക്ക് പുറത്തെ ഡ്യൂട്ടി ആഴ്ചയിൽ ഒന്നാക്കി ചുരുക്കി കൂടുതൽ സമയം എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. പ്രമേഹരോഗികൾക്ക് മരുന്ന് നൽകുന്നത് ആഴ്ചയിൽ മൂന്നുദിവസമായി ഉയർത്തും. സബ് സെന്ററുകളുടെ പ്രവർത്തനം ഊർജിതപ്പെടുത്തും. സ്വന്തമായി സ്ഥലവും കെട്ടിടവുമുള്ള സബ് സെന്ററുകൾക്ക് അറ്റുകുറ്റപ്പണിക്ക് ഏഴുലക്ഷം രൂപ വീതം എൻ.എച്ച്.എമ്മിൽ നിന്ന് നൽകും. അധിക തുക ആവശ്യമെങ്കിൽ പഞ്ചായത്ത് നൽകും. ആഴ്ചയിൽ ഒരിക്കൽ പ്രവർത്തിക്കുന്ന മൊബൈൽ ക്ലിനിക് ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ ടി.എസ് കൃഷ്ണകുമാർ, ജൂബി അഷ്‌റഫ്, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, ജില്ല മെഡിക്കൽ ഓഫിസർ ഡോ. പ്രിയ, എരുമേലി മെഡിക്കൽ ഓഫിസർ മുഹമ്മദ് ജിജി, ഡി.പി.എം ഓഫിസർ അജയ് മോഹൻ, പഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, വി.ഐ അജി തുടങ്ങിയവർ പങ്കെടുത്തു.