
കോട്ടയം. വൈദ്യുതി നിരക്കു വർദ്ധനക്കെതിരെ വിവിധ തുറകളിലുള്ളവർ പ്രതികരിക്കുന്നു.
ചങ്ങനാശേരി സ്വദേശി പ്രസന്നൻ ഇത്തിത്താനം പറയുന്നു.
ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങളുടെ വില ഓരോ വർഷവും ഇരട്ടിയാവുകയാണ്. ഇതിനിടെയാണ് കെട്ടിടനികുതിയും വൈദ്യുതി നിരക്കും കൂട്ടിയത്. രണ്ടുമാസത്തിലൊരിക്കൽ വൈദ്യുതി ചാർജ് ഈടാക്കുന്ന രീതി അവസാനിപ്പിച്ച് അതതുമാസം ഈടാക്കുന്ന സംവിധാനം തിരിച്ചുകൊണ്ടുവരണം. കൂലിപ്പണിക്കാരെ സംബന്ധിച്ചിടത്തോളം രണ്ട് മാസ ചാർജ് അടവ് വളരെ ബുദ്ധിമുട്ടാണ്.
മത്സ്യ കർഷകൻ ഗിരീഷ് അമയന്നൂർ പറയുന്നു.
എല്ലാ മേഖലയിലും വിലക്കയറ്റം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്, വൈദ്യുതി നിരക്കിൽ മാത്രമാണ് ഇതുവരെ ബാധിക്കാതിരുന്നത്. മത്സ്യകൃഷി മേഖലയുള്ളവർ കൃഷി പൂർണ്ണമായും അവസാനിപ്പിക്കേണ്ട സ്ഥിതിയാണ്. മറ്റ് സംസ്ഥാനങ്ങളിൽ കൃഷിയാവശ്യത്തിനായി വൈദ്യുതി സൗജന്യമായി നൽകുമ്പോൾ ഇവിടെ അധിക ചാർജ് ഈടാക്കുന്നു. ഏഴായിരം രൂപ മുതലാണ് ബില്ല് വരുന്നത്.
കറുകച്ചാൽ സ്വദേശി ശശി പാലൂർ പറയുന്നു.
വൈദ്യുതി നിരക്ക് 250 യൂണിറ്റ് വരെ വർദ്ധിപ്പിക്കരുതെന്നാണ് അഭിപ്രായം. രണ്ട് മാസം കൂടുമ്പോൾ 2000 രൂപയ്ക്ക് മുകളിലാണ് നിലവിൽ വൈദ്യുതി ബിൽ വരുന്നത്. വരുന്ന മാസങ്ങളിൽ ഇത് 5000 രൂപയ്ക്ക് മുകളിലേക്ക് പോകുന്ന സ്ഥിതിയാണ്. പ്രതിമാസം 1500 രൂപ മുതൽ 3000 രൂപ വരെ വൈദ്യുതി ബില്ലിനായി മാത്രം മാറ്റി വയ്‌ക്കേണ്ടിവരുന്നു.
വീട്ടമ്മ മെർളിൻ പറയുന്നു.
അടുക്കള ബഡ്ജറ്റിനൊപ്പം കുടുംബ ബഡ്ജറ്റിന്റെയും താളം തെറ്റും. അടുക്കള ഉപകരണങ്ങളുടെ ഉപയോഗവും കുറയ്‌ക്കേണ്ട സ്ഥിതിയാകും. ഫ്രിഡ്ജ് , അയൺ ബോക്‌സ്, വാഷിംഗ് മെഷീൻ എന്നിവയൊക്കെ ഇനി ഉപേക്ഷിക്കണമെന്നാണോ സർക്കാർ പറയുന്നത്.