പാലാ: മഹാത്മാഗാന്ധി മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിക്കും സ്‌കൂളിന്റെ ചുമതലയുള്ള പാലാ നഗരസഭ കൂട്ടുനിൽക്കില്ലെന്ന് ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. സ്‌കൂളിൽ പുതുതായി പണിത മന്ദിരത്തിൽ വിദ്യാർത്ഥികൾക്കുളള ആക്ടിവിറ്റി ഏരിയായിൽ ഡി.ഇ.ഒ ഓഫീസ് ജീവനക്കാരുടെ സ്‌കൂട്ടറുകൾ പാർക്ക് ചെയ്തിരിക്കുന്നതും ഹൈസ്‌കൂളിലെ സയൻസ് ലാബ് അടച്ചുപൂട്ടിയതും സംബന്ധിച്ച് ഇന്നലെ കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

സ്‌കൂളിൽ അനധികൃതമായുള്ള കൈയേറ്റവും തുടർന്ന് വിദ്യാർത്ഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി പി.റ്റി.എ ഭാരവാഹികൾ നേരത്തെ പരാതി നൽകിയിരുന്നു.

ഉടൻചേരുന്ന നഗരസഭ കൗൺസിൽ യോഗം വിഷയം ചർച്ച ചെയ്യും. കൗൺസിൽ എടുക്കുന്ന തീരുമാനം മുഖ്യമന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി, മറ്റ് ഉന്നത വിദ്യാഭ്യാസ അധികാരികൾ എന്നിവർക്ക് രേഖാമൂലം സമർപ്പിക്കുമെന്നും ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര വ്യക്തമാക്കി. കേരള കൗമുദി വാർത്തയെ തുടർന്ന് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ തോമസ് പീറ്റർ സ്‌കൂളിലെത്തി സ്ഥിതിഗതികൾ നേരിൽ വിലയിരുത്തി.