കോട്ടയം: ഇന്നലെ ഒരുമണിക്കൂറോളം കളകട്രേറ്റ് പരിസരം യുദ്ധഭൂമിപോലെയായിരുന്നു. വീണു പൊട്ടുന്ന ടിയർ ഗ്യാസും വീശിയെറിഞ്ഞ കല്ലുകളും ശക്തിയായി പതിക്കുന്ന ജലപീരങ്കിയുമൊക്കെയായി അന്തരീക്ഷം മുൾമുനയിലായി. ഇതിനിടെ ഡിവൈ.എസ്.പിക്ക് പരിക്കുകൂടിയേറ്റതോടെ നിലതെറ്റിയ പൊലീസ് അക്രമാസക്തരായ മുഴുവൻ പ്രവർത്തകർക്കും ലാത്തിയുടെ ചൂട് നൽകി.

തങ്ങൾ സമാധാനപരമായി മാർച്ച് നടത്തുമെന്നായിരുന്നു യു.ഡി.എഫ് ജില്ലാ കമ്മിറ്റി നേരത്തെ അറിയിച്ചത്. കളക്ടേറ്റ് മുന്നിലെ യോഗം കഴിഞ്ഞ് പ്രധാന നേതാക്കൾ പിരിഞ്ഞുപോയതോടെ മട്ടും ഭാവവും മാറി. വലിയ കല്ലുകൾ പൊലീസിന് നേരെ പതിച്ചു. അക്രമികൾക്കെതിരെ ജലപീരങ്കി പ്രയോഗിച്ചതോടെ പലരും തെറിച്ചുവീണു. രംഗം ശാന്തമെന്ന് കരുതുമ്പോഴായിരുന്നു രണ്ടാംഘട്ട സമരം എസ്.പി ഓഫീസിലേയ്ക്ക്. ഇരച്ചെത്തിയ പ്രവർത്തകർ ഈസ്റ്റ് സ്റ്റേഷന് മുന്നിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിട്ടത് ഡിവൈ.എസ്.പിയുടെ തലയിലേയ്ക്ക്. ടിയർഗ്യാസ് പ്രയോഗിച്ച് പ്രവർത്തകരെ ഓടിച്ച പൊലീസ് സംഘം തലങ്ങും വിലങ്ങും ലാത്തിവീശി. ചിലർ കമ്പുവീശി പൊലീസിനെയും നേരിട്ടു. ടിയർഗ്യാസിന്റെ പുകയേറ്റ് പലർക്കും ദേഹാസ്വാസ്ഥ്യം. കൂടുതൽ പൊലീസെത്തി. കളക്ടേറ്റ് മുതൽ ബസേലിയസ് കോളേജ് വരെ പ്രവർത്തകരെ പൊലീസ് ഓടിച്ചിട്ട് തല്ലി. ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിലിന്റെ കൈ ഒടിഞ്ഞു. ജില്ലാ പഞ്ചായത്തംഗം പി.കെ.വൈശാഖ് യൂത്ത് കോൺ.നേതാക്കളായ രാഹുൽ മറിയപ്പള്ളി, സിബി കൊല്ലാട് എന്നിവരുടെ തലയ്ക്കും പരിക്കേറ്റു.

 ഗതാഗതം സ്തംഭിച്ചു

മാർച്ചിനെ തുടർന്ന് കെ.കെ റോഡിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. മണർകാട് മുതൽ നീണ്ട ബ്ളോക്കായിരുന്നു ഈസമയം.