നീണ്ടൂർ: മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിയുടെ ഭാഗമായി നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ നീണ്ടൂർ കാേട്ടയം റാേഡ് ഫ്‌ളവർ സ്ട്രീറ്രാകും. പദ്ധതിയുടെ ഭാഗമായി പുഞ്ചവയൽക്കാറ്റ് ഗ്രാമീണ വിനോദ സഞ്ചാരകേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങളും നടത്തും. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ. പ്രദിപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോർഡിനേറ്റർ കെ രൂപേഷ് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. നീണ്ടൂർ കോട്ടയം റൂട്ടിലുള്ള വിശാലമായ പാടശേഖരത്തിന്റ ഇരുവശത്തുമാണ് ഫ്‌ളവർ സ്ട്രീറ്റ് ആരംഭിച്ചിരിക്കുന്നത്. പാടശേഖരത്തോട് ചേർന്ന് സഞ്ചാരികൾക്കായി ഇരിപ്പിടങ്ങൾ ഒരുക്കും. പദ്ധതിയോട് ചേർന്ന് ബ്ലോക്ക് പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് പദ്ധതിയിൽപെടുത്തി നിർമ്മിക്കുന്ന കഫെറ്റീരിയ,ടോയ്‌ലറ്റ് കോംപ്ലക്‌സ് ,ഉല്പന്ന വിപണന കേന്ദ്രം എന്നിവയുടെ നിർമ്മാണം ഉടൻ പൂർത്തിയാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂർ പറഞ്ഞു. 25 ലക്ഷം രൂപയാണ് പദ്ധതി ചിലവ്.