പള്ളിക്കത്തോട് : ഭരണം മാറിയപ്പോൾ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പഴയ തീരുമാനം മാറ്റിയതോടെ സബ് ട്രഷറിയുടെ കെട്ടിട നിർമ്മാണം അനിശ്ചിതത്വത്തിൽ. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ട്രഷറിയ്ക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ സ്ഥലം നൽകാമെന്ന് മുൻ ഭരണസമിതി തീരുമാനിച്ചിരുന്നതാണ്. ഇതിനായി ബ്ലോക്ക് ഓഫീസ് വളപ്പിൽ 15 സെന്റ് സ്ഥലം അളന്നു തിരിച്ച് ഉത്തരവിറങ്ങി. എന്നാൽ പുതിയതായി ചുമതലയേറ്റ എൽ.ഡി.എഫ് ഭണസമിതി ഇത് അംഗീകരിക്കുന്നില്ല. സബ് ട്രഷറി നിർമ്മിക്കാൻ ആവശ്യത്തിന് സ്ഥലമില്ലെന്നാണ് എൽ.ഡി.എഫ് പറയുന്നത്. ഇതിനിതെതിരെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൾ മാത്യു രംഗത്തുവന്നു. സബ് ട്രഷറി ഇവിടെത്തന്നെ നിലനിറുത്താൻ നടപടി ഉണ്ടാകണമെന്ന് ആനിക്കാട് ഡിവിഷൻ അംഗം കൂടിയായ കേരളകോൺഗ്രസ് എമ്മിലെ ജോമോൾമാത്യു പറഞ്ഞു. ഭരണസമിതിയുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് കോൺഗ്രസ് അംഗം ജിജി അഞ്ചാനി പറഞ്ഞു. പതിറ്റാണ്ടുകളായി പള്ളിക്കത്തോട്ടിൽ പ്രവർത്തിച്ചുവരുന്ന സബ്ട്രഷറി ഇവിടെത്തന്നെ നിലനിറുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി അറിയിച്ചു. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ വർഷങ്ങളോളം പ്രവർത്തിച്ചിരുന്ന ട്രഷറി ഇപ്പോൾ ആനിക്കാട് സഹകരണബാങ്ക് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.