കോട്ടയം : ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് വയസ്കരയിൽ നിർമ്മിച്ച കെ.കരുണാകരൻ സ്മാരക പകൽവീട് അടച്ചുപൂട്ടിയ നിലയിൽ. 2014 ലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചത്. പകൽവീട് ഇപ്പോൾ അടച്ചു പൂട്ടിയ നിലയിലാണ്. വൃദ്ധജനങ്ങളുടെ ക്ഷേമവും പരിപാലനവും ലക്ഷ്യമാക്കിയാണ് ന ഗരസഭ പകൽ വീടിന് തുടക്കം കുറിച്ചത്. ഭക്ഷണവും ടി.വി കാണുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. വിശ്രമവേളകൾ ചെലവഴിക്കാൻ ക്യാരംസ്, ചെസ് തുടങ്ങിയവയും സജ്ജമാക്കി. പ്രായമായവരുടെ സംഘടനകൾ ഇവിടെ യോഗങ്ങൾ നടത്താറുണ്ടായിരുന്നു. ഇടക്കാലത്ത് നഗരത്തിൽ വിശപ്പുരഹിത കോട്ടയം പട്ടണം പദ്ധതിയുടെ ഭാഗമായി പകൽവീട്ടിൽ സൗജന്യ ഉച്ചഭക്ഷണവും ക്രമീകരിച്ചു. എന്നാൽ ഇതെല്ലാം നിലച്ച മട്ടാണ്. നഗരസഭ അധികൃതർ തിരിഞ്ഞുനോക്കാത്തതാണ് പകൽവീടിന്റെ പ്രവർത്തനം നിലച്ചുപോകാൻ കാരണമെന്നാണ് ആക്ഷേപം.