പാലാ : പാലാ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് എത്തണമെങ്കിൽ പെടാപ്പാട്. ഇടുങ്ങിയ വഴിയിൽ വാഹനങ്ങൾ തോന്നുംപടി പാർക്ക് ചെയ്യുന്നതാണ് രോഗികളെയടക്കം ദുരിതത്തിലാക്കുന്നത്. മെറ്റലും പാറക്കല്ലുകളും മറ്റും നിരത്തി വീതി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇതിന്റെ ഒരു ഭാഗത്ത് നെടുനീളെ വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. മറുവശത്തുകൂടി വേണം ആംബുലൻസുകൾക്കും മറ്റും അത്യാഹിത വിഭാഗത്തിലേക്ക് എത്താൻ. എന്നാൽ മറുവശത്തുപോലും വാഹനങ്ങൾ പാർക്ക് ചെയ്യുന്ന അവസ്ഥയാണ്.
ഇതിനിടയിൽക്കൂടി രോഗികളും കൂട്ടിരിപ്പുകാരുമായ കാൽനടയാത്രക്കാരും ജീവൻ കൈയ്യിൽ പിടിച്ചാണ് യാത്ര ചെയ്യുന്നത്. അത്യാഹിത വിഭാഗത്തിന്റെ കവാടത്തിങ്കൽ മുമ്പൊക്കെ സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതുമില്ല. ഇവർക്കായി നിർമ്മിച്ച സെക്യൂരിറ്റി റൂം നോക്കുകുത്തി പോലെ കവാടത്തിൽ സ്ഥിതി ചെയ്യുന്നുണ്ട്. തലങ്ങും വിലങ്ങും തോന്നുംപടി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നിയന്ത്രിക്കാനോ അത്യാഹിത വിഭാഗത്തിലേക്ക് എത്തിക്കുന്ന രോഗികളെ അവിടെ ഇറക്കിയശേഷം വാഹനങ്ങൾ ആശുപത്രി വളപ്പിന് പുറത്തേക്ക് മാറ്റിയിടാൻ നിർദ്ദേശിക്കാനോ ആരും ഇല്ലാത്ത അവസ്ഥയാണ്. ആശുപത്രി മേലധികാരികളും ആശുപത്രിയുടെ ചുമതലയുള്ള നഗരസഭ അധികാരികളും ഇക്കാര്യത്തിൽ ഇടപെടണമെന്നാണ് ആവശ്യം.