പാലാ : ഒരു മാസം മുമ്പ് പാലാ - തൊടുപുഴ ഹൈവേയിൽ മുണ്ടാങ്കൽ നഗരസഭ അതിർത്തിയിൽ സ്ഥാപിച്ച മനോഹരമായ ''ഐ ലവ് പാലാ'' ബോർഡിനെ മറച്ച് സ്വകാര്യ ഹോട്ടൽ ഉടമ ബോർഡ് സ്ഥാപിച്ചതായി നഗരസഭ കൗൺസിലിൽ വിമർശനം. രണ്ട് ലക്ഷം രൂപയോളം ചെലവഴിച്ച് നാലടി ഉയരത്തിലാണ് പാലാ നഗരസഭ അതിർത്തി കവാടത്തിൽ 'ഐ ലവ് പാലാ ' ബോർഡ് സ്ഥാപിച്ചത്. രാത്രിയിൽ എൽ.ഇ.ഡി ബൾബുകളുടെ തിളക്കത്തിൽ ബോർഡ് കൂടുതൽ മനോഹരമായിരുന്നു. ഇതിനെ മറച്ചാണ് എട്ടടി ഉയരത്തിൽ സ്വകാര്യ ഹോട്ടൽ ഉടമ ബോർഡ് സ്ഥാപിച്ചതെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ കുറ്റപ്പെടുത്തി. മുൻ ചെയർപേഴ്‌സൺ കൂടിയായ ബിജി ജോജോയാണ് വിഷയം ശ്രദ്ധയിൽ കൊണ്ടുവന്നത്. എത്രയും വേഗം ബോർഡ് നീക്കാൻ സ്വകാര്യ ഹോട്ടൽ ഉടമയ്ക്ക് നോട്ടീസ് നൽകുമെന്ന് ചെയർമാൻ ആന്റോ ജോസ് വ്യക്തമാക്കി.