കോട്ടയം : നഗരസഭ നിലാവ് പദ്ധതിയുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കെതിരെ വിമർശനവുമായി കൗൺസിലർമാർ. 52 വാർഡുകളിലും 18, 35 വാട്ടിന്റെ 200 ബൾബ് വീതം ഇടാനായിരുന്നു കെ.എസ്.ഇ.ബിയ്ക്ക് നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ചിലയിടങ്ങളിൽ 200 ൽ കൂടുതൽ ബൾബുകളും ചില പ്രദേശങ്ങളിൽ അതിൽ താഴെ ബൾബുകളുമാണിട്ടത്. അനുമതിയില്ലാതെ 70,110 വാട്ടിന്റെ ബൾബുകൾ സ്ഥാപിച്ചതായും നഗരസഭ പക്ഷപാതം കാണിക്കുകയാണെന്നും കൗൺസിലർമാർ ആരോപിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് കൗൺസിലിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചക്കിടെയാണ് ഭരണ - പ്രതിപക്ഷഭേദമന്യേ കൗൺസിലർമാർ പരാതി ഉന്നയിച്ചത്. 12500 ബൾബുകളാണ് നഗരസഭയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇതിൽ 9000 ബൾബ് വന്നിട്ടുണ്ട്. 8900ത്തിലധികം ബൾബുകൾ സ്ഥാപിച്ചു. എന്നാൽ, 4000 ബൾബുകൾ സ്ഥാപിച്ചതിനേ നഗരസഭ അംഗീകാരം നൽകിയിട്ടുള്ളൂവെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ അറിയിച്ചു. എല്ലാ വാർഡുകളിലും അടിയന്തരമായി 250 വീതം ബൾബിടാനും ഇക്കാര്യങ്ങൾക്കായി അസി. എക്‌സിക്യൂട്ടീവ് എൻജിനിയറെ ചുമതലപ്പെടുത്തി. 70,110 വാട്ടിന്റെ ബൾബിടുന്നത് കൗൺസിലിന്റെ അനുമതിക്കുശേഷം മതിയെന്നും ചെയർപേഴ്‌സൻ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചു.