പാലാ : മഹാത്മാഗാന്ധി മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കൈയേറിയ സംഭവത്തിൽ അധികൃതരെ വിളിച്ചുവരുത്താൻ നഗരസഭ തീരുമാനിച്ചു. ഭരണപക്ഷ അംഗം അഡ്വ. ബിനു പുളിക്കക്കണ്ടമാണ് വിഷയം കൗൺസിലിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. പാലാ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ കുട്ടികൾക്കുണ്ടായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം 'കേരളകൗമുദി ' വാർത്ത പ്രസിദ്ധികരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടെന്നും, പി.ടി.എ പ്രസിഡന്റിന്റെ രേഖാമൂലമുള്ള പരാതി ലഭിച്ചെന്നും ചെയർമാൻ ആന്റോ ജോസ് അറിയിച്ചു. തുടർന്ന് സ്‌കൂൾ അധികാരികളെയും ഡി.ഇ.ഒ.യേയും രക്ഷാകർതൃസമിതി ഭാരവാഹികളെയും ഉടൻ വിളിച്ചുകൂട്ടണമെന്ന അഡ്വ. ബിനു പുളിക്കക്കണ്ടത്തിന്റെ ആവശ്യം കൗൺസിൽ യോഗം അംഗീകരിക്കുകയായിരുന്നു. നഗരസഭയുടെ യാതൊരു വിധ അനുമതിയുമില്ലാതെയാണ് പാലാ ഡി.ഇ.ഒ ഓഫീസ് ഇവിടേക്ക് മാറ്റിയത് എന്നാണ് പരാതി.