കോട്ടയം : പേരിനെങ്കിലും ഒരു ബസ് എത്തുമോയെന്ന പ്രതീക്ഷയിലാണ്, തിരുവാതുക്കൽ ബസ് ബേ. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. ഇതോടെ, യാത്രക്കാരും ദുരിതത്തിലായി. കാരാപ്പുഴ, കാഞ്ഞിരം, ഇല്ലിക്കൽ, 16 ൽചിറ, 15ൽ കടവ്, തിരുവാർപ്പ് എന്നിവിടങ്ങളിലേക്കുള്ള ബസാണ് തിരുവാതുക്കൽ വഴി കടന്നുപോകുന്നത്. ഇവിടെ റോഡിന് വീതി കുറവും, ഗതാഗതക്കരുക്കും തുടർക്കഥയായതോടെയാണ് ജോസ് കെ. മാണി എം.പിയുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് 10 ലക്ഷം രൂപ മുടക്കി ബസ് ബേ നിർമ്മിച്ചത്. കാത്തിരിപ്പു കേന്ദ്രവും, ലൈറ്റുകളും, ടൈലുകൾ പാകിയ വഴിയും, തണൽവൃക്ഷ തൈകളും എല്ലാം സ്ഥാപിച്ച് മനോഹരമാക്കി.ഏതാനും നാൾ മാത്രം ബസുകൾ കയറി. കൊവിഡ് കാലത്ത് ബസിൽ ആളുകൾ കയറുന്നില്ലെന്ന കാരണം പറഞ്ഞ് ബസ് ബേ സ്വകാര്യ ബസുകാർ പൂർണമായും ഉപേക്ഷിച്ചു. നിലവിൽ ഇവിടെ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. രാത്രികാലങ്ങളിൽ ബസ് ബേ ഇരുട്ടിലമർന്നതോടെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്.
പരാതി നൽകിയിട്ടും നോ രക്ഷ
ബസ് ബേയിൽ ബസുകൾ കയറാത്ത നടപടിക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ കളക്ടർ, ആർ.ടി.ഒ, നഗരസഭ ചെയർപേഴ്‌സൺ എന്നിവർക്ക് പരാതി നൽകിയെങ്കിലും പരിഹാരം അകലെയാണ്. ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്നവർ ബസ് നോക്കി മണിക്കൂറുകളോളം കാത്തിരിക്കുമ്പോഴാണ് കാര്യം അറിയുന്നത്. തിരുവാർപ്പ് കവലയിൽ ബസുകൾ നിറുത്തുന്നത് മൂലം ഗതാഗതക്കുരുക്കും രൂക്ഷമാണ്ട്. തിരക്കേറിയ കവലയിൽ ഹോംഗാർഡിനെ നിയമിക്കണമെന്നാവശ്യവും ശക്തമാണ്.