food

കോട്ടയം. ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഒഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) രാജ്യവ്യാപകമായി നടപ്പാക്കുന്ന 'ഈറ്റ് റൈറ്റ്' പദ്ധതിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലയിലെ ഭക്ഷണശാലകൾക്ക് സ്റ്റാർ റേറ്റിംഗ് നൽകിത്തുടങ്ങി. 48 കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് ഭക്ഷണനിർമാണ,വിതരണ സ്ഥാപനങ്ങൾക്ക് റേറ്റിംഗ് നൽകുന്നത്.

ഇതുവരെ 45 സ്ഥാപനങ്ങൾക്കാണ് റേറ്റിംഗ് ലഭിച്ചത്. രണ്ടു വർഷം അല്ലെങ്കിൽ സ്ഥാപനത്തിന്റെ ലൈസൻസ് കാലാവധി പൂർത്തിയാകുന്നതുവരെയാണ് നിലവിലെ റേറ്റിംഗ്. തുടർന്ന് വീണ്ടും ഓഡിറ്റ് നടത്തും. ഓഡിറ്റിംഗ് ചെലവ് എഫ്.എസ്.എസ്.എ.ഐയാണ് വഹിക്കുന്നത്. റേറ്റിംഗ് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ പട്ടിക പ്രസിദ്ധീകരിക്കും.

ആപ്പിൽ അറിയാം.

റേറ്റിംഗ് നേടിയ ഭക്ഷണശാലകളുടെ മുഴുവൻ വിവരങ്ങളും പ്രത്യേകം ആപ്ളിക്കേഷനിൽ അറിയാം. സംസ്ഥാന സർക്കാരും വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും വെബ്‌സൈറ്റ് പരിശോധിച്ച് ഭക്ഷണശാലകൾ തിരഞ്ഞെടുക്കാം. ഉയർന്ന റേറ്റിംഗ് നേടുന്നത് സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് സഹായകമാകുമെന്നതിനാൽ ഹോട്ടലുകൾ മത്സരബുദ്ധിയോടെ റേറ്റിംഗ് നേടാൻ ശ്രമിക്കുമെന്നാണ് പ്രതീക്ഷ.

പരിശോധിക്കുന്നത്.

അടുക്കളയുടെയും ഉപകരണങ്ങളുടെയും വൃത്തി, മാലിന്യ സംസ്‌കരണ സൗകര്യം, തൊഴിലാളികളുടെ ആരോഗ്യം, പരിശീലനം, ഏപ്രൺ, ഗ്ലൗസ് തുടങ്ങിയവയുടെ ഉപയോഗം, ഭക്ഷണം പാചകം ചെയ്യുന്ന രീതി, ആഹാരസാധനങ്ങൾ സൂക്ഷിക്കുന്ന രീതി, വെള്ളത്തിന്റെ ഗുണനിലവാരം, കീട നിയന്ത്രണ സംവിധാനങ്ങൾ, അസംസ്‌കൃത വസ്തുക്കളുടെയും ഭക്ഷ്യഎണ്ണയുടെയും ഗുണനിലവാരം, പാകം ചെയ്ത ഭക്ഷണത്തിന്റെ പരിശോധന, ഭക്ഷണം വിളമ്പൽ, പാക്കിംഗ് വിതരണത്തിനുള്ള വാഹനം.

ഭക്ഷ്യ സുരക്ഷാ വിഭാഗം അസി.കമ്മിഷണർ അലക്സ് കെ.ഐസക് പറയുന്നു.

'' നടപടിക്രമങ്ങൾ പൂർത്തിയാവുന്നതേയുള്ളൂ. പൂർത്തിയായതിന് ശേഷം പട്ടിക പ്രസിദ്ധീകരിക്കും. ഫോ സ്റ്റാർ, ഫൈവ് സ്റ്റാർ എന്നിങ്ങനെയാണ് റേറ്റിംഗ് നൽകുന്നത്''