fish

കോട്ടയം. ട്രോളിംഗ് നിരോധനത്തോടെ കടൽമീനുകൾക്ക് വില ഉയർന്നിട്ടും വളർത്തുമീൻ കർഷകർ ഇപ്പോഴും ദുരിതക്കയത്തിൽ തന്നെ. ജില്ലയിൽ നിരവധി വളർത്തുമീൻകർഷകരുണ്ടെങ്കിലും മീൻ സംഭരിക്കുന്നതിനും വിറ്റഴിക്കുന്നതിനും ഫിഷറീസ് വകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പരാതി. കടൽമീൻ കഴിച്ചു ശീലിച്ചവർക്ക് വളർത്തുമീൻ പി‌ടിക്കില്ലെന്നതും ഡിമാൻഡ് കുറയാൻ കാരണമാണ്.

ഗുണനിലവാരം കുറഞ്ഞതും മായം ചേർത്തതുമായ മീനുകളാണ് വിപണിയിൽ കൂടുതൽ. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശോധനകളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പഴകിയ മീനുകൾ നിരന്തരം പിടിച്ച് കേസാക്കുന്നുണ്ട്. പാതയോരങ്ങളിൽ തട്ടിട്ടും വാഹനത്തിലും ഉള്ള മീൻകച്ചവടവും തകൃതിയായി നടക്കുന്നു. മിക്കവാറും എല്ലാ മീനുകൾക്കും ഇപ്പോൾ 300 രൂപയ്ക്ക് മുകളിലാണ് വില.

രണ്ട് മാസമായി വില ഉയർന്നു നിൽക്കുകയാണ്. കൂടുതൽ ആവശ്യക്കാരുള്ള മത്തി കിലോയ്ക്ക് 330 രൂപയാണ് . കിളി 400 രൂപയും. കൊഴുവ മാത്രമാണ് ഇപ്പോൾ കൂടുതലായി കിട്ടുന്നത്. 100 രൂപയേ കിലോയ്ക്ക് വിലയുള്ളൂ. മുൻപ് 200 രൂപയായിരുന്നു. ആവോലി 420, കാളാഞ്ചി 400 എന്നിങ്ങനെയാണ് മത്സ്യഫെഡിലെ വില. അയലയും മറ്റും കിട്ടാനില്ലെന്ന് വ്യാപാരികൾ പറയുന്നു. മുനമ്പം, ചെല്ലാനം, തോപ്പുംപടി, അഴീക്കൽ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും മീൻ എത്തിക്കുന്നത്. ആന്ധ്ര, തൂത്തുക്കുടി എന്നിവിടങ്ങളിൽ നിന്നും എത്തുന്നുണ്ട്.

മീൻ കച്ചവടക്കാരനായ സതീഷ് പറയുന്നു.
കൊഴുവ മാത്രമാണ് ഞങ്ങൾക്ക് കൃത്യമായി ലഭിക്കുന്നത്. ചില ദിവസങ്ങളിൽ മാത്രം മത്തിയും കിളിയും കിട്ടും. വില കൂടുതലാണെങ്കിലും മറ്റു മീനുകൾ എത്തിച്ചാൽ ഉടനടി വിറ്റുപോകും.