
മുണ്ടക്കയം ഈസ്റ്റ്. ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ പരാതിപ്പെട്ടാൽ എങ്ങിനെയൊക്കെ പക പോക്കുമെന്നതിന്റെ ഉദാഹരണമാവുകയാണ് പെരുവന്താനം അമലഗിരിയിൽ ചരളേൽ സിജിയുടെ കുടുംബം. അധികൃതരുടെ നിരന്തരമായ അവഗണനയെത്തുടർന്ന് പ്രളയക്കെടുതിയിൽ നിന്ന് കരകയറാനാവാതെ വിഷമിക്കുകയാണിവർ.
പ്രളയത്തിന് ഒരു വർഷം മുന്പ് അമലഗിരി - പാലക്കുഴി റോഡ് വിണ്ടുകീറി അപകടാവസ്ഥയിലായതിനെ തുടർന്ന് സിജിയുടെ വീടിന്റെ മുകൾ ഭാഗത്തെ റോഡ് സംരക്ഷണ ഭിത്തി നിർമിച്ച് ബലപ്പെടുത്താൻ തീരുമാനിച്ചിരുന്നു. സംരക്ഷണ ഭിത്തി നിർമിക്കാൻ അഴുത ബ്ലോക്ക് പഞ്ചായത്ത് ഏഴു ലക്ഷം രൂപ അനുവദിച്ചു. എന്നാൽ കരാറുകാരൻ ഭിത്തി നിർമാണം തുടങ്ങിയത് റോഡിന്റെ വശത്തെ കുത്തനെ നിൽക്കുന്ന മൺതിട്ടയുടെ പകുതി ഭാഗത്തുനിന്നാണ്. വൻ അപകടം മുന്നിൽ കണ്ട സിജിയുടെ കുടുംബവും വാർഡ് മെമ്പറും കരാറുകാരന്റെ അശാസ്ത്രീയമായ നിർമാണത്തിനെതിരേ വകുപ്പ് ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പരാതി നൽകി. എന്നാൽ പരാതി അവഗണിച്ചെന്നു മാത്രമല്ല, സംരക്ഷണഭിത്തി നിർമാണത്തിൽ കരിങ്കല്ലിനു പകരം കാട്ടുകല്ലുകൾ ഉപയോഗിച്ച് കെട്ടിപ്പൊക്കാൻ മൗനാനുവാദവും നൽകി.
നിർമാണവേളയിൽ നിരവധി തവണ പരാതി നൽകിയെങ്കിലും അഴുത ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ലെന്ന് ഈ കുടുംബം പറയുന്നു. എന്നാൽ പിന്നീടുണ്ടായ പ്രളയത്തിൽ റോഡിന്റെ സംരക്ഷണ ഭിത്തിയൊന്നാകെ സിജിയുടെ വീടിന്റെ മുകളിൽ പതിച്ച് വീട് പൂർണമായും തകരുകയും വീട്ടുപകരണങ്ങളും മഴവെള്ള സംഭരണി ഉൾപ്പെടെ എല്ലാം നഷ്ടമാവുകയും ചെയ്തു. ആ അപകടത്തിൽ നിന്ന് ഈ കുടുംബം അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. പിന്നീട് കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തിലാണ് ഇവർക്ക് വീട് നവീകരിച്ചു നൽകിയത്.
എന്നാൽ മുന്പ് ഇടിഞ്ഞുവീണ സംരക്ഷണ ഭിത്തിയുടെ ബാക്കിഭാഗം ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിൽ ഇപ്പോഴും നിൽക്കുന്നത് വീണ്ടും അപകടഭീഷണി ഉയർത്തുകയാണ്. ശക്തമായ മഴ പെയ്താൽ വീടിന് മുകളിലെ റോഡ് ഉൾപ്പെടെ ഏതുനിമിഷവും താഴേയ്ക്ക് പതിക്കാവുന്ന അവസ്ഥയിലാണ്. സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലായ റോഡിലൂടെ സ്കൂൾബസ് അടക്കം ഭാരമേറിയ വാഹനങ്ങളും ഇപ്പോൾ കടന്നുപോകുന്നുണ്ട്.
ആവർത്തിക്കരുത് ദുരന്തം .
ഭർത്താവ് മരിച്ചതോടെ പ്രായമായ മാതാപിതാക്കളും രണ്ട് കുട്ടികളുമടങ്ങുന്ന നിർദ്ധന കുടുംബമാണ് ഈ ദുരവസ്ഥയിൽ കഴിയുന്നത്. പ്രളയ സമയത്ത് ജനപ്രതിനിധികളടക്കം സ്ഥലം സന്ദർശിച്ച് മോഹന വാഗ്ദാനം നൽകി പോയതല്ലാതെ പിന്നീടാരും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയില്ലെന്ന് ഈ കുടുംബം പറയുന്നു. മാനം ഒന്നു കറുത്താൽ കുടുംബാംഗങ്ങളുടെ നെഞ്ചുരുകാൻ തുടങ്ങും. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇനിയെങ്കിലും അധികാരികൾ ഉണർന്നു പ്രവർത്തിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.