ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കുള്ള വഴിയിൽ സെക്യൂരിറ്റിയെ നിയമിച്ചു

പാലാ: സെക്യൂരിറ്റി ജീവനക്കാരനെത്തി, പിന്നെ വഴിയിലെ തടങ്ങളെല്ലാം നീങ്ങി. ഒരൊറ്റ വാഹനങ്ങൾ പോലും അനധികൃതമായി പാർക്ക് ചെയ്തില്ല. ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കുള്ള വഴിയിൽ മുഴുവൻ സമയവും സെക്യൂരിറ്റി ജീവനക്കാരെ ഏർപ്പെടുത്തിയതായി പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും പറഞ്ഞു. അത്യാഹിത വിഭാഗത്തിലേക്കുള്ള വഴിയിൽ അനധികൃത പാർക്കിംഗ് ഉൾപ്പെടെ രോഗികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് അടിയന്തിരമായി ഇവിടെ സെക്യൂരിറ്റി ജീവനക്കാരനെ നിയോഗിച്ചത്. ആറ് സെക്യൂരിറ്റി ജീവനക്കാരാണ് നിലവിൽ ജനറൽ ആശുപത്രിയിലുള്ളത്. ഇവരിൽ ഒരാൾ അടുത്തിടെ രാജിവെച്ചിരുന്നു. അത്യാഹിത വിഭാഗത്തിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായിരുന്നു. എന്നാൽ ഇവരിലൊരാൾ അവധിയെടുക്കുന്നതോടെ ഡ്യൂട്ടിയിലുള്ളയാൾ ടിക്കറ്റ് കൗണ്ടർ മുതൽ അത്യാഹിത വിഭാഗം കവാടം വരെ ഡ്യൂട്ടി ചെയ്യേണ്ട സ്ഥിതിയാണ്. അതുകൊണ്ടുതന്നെ പുറത്തെ വഴിയിലെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിൽ സെക്യൂരിറ്റി ജീവനക്കാരന് പരിമിതിയുണ്ടാകും. ഈ സാഹചര്യത്തിലാണ് അത്യാഹിത വിഭാഗത്തിലേക്കുള്ള വഴിയിൽ വാഹനങ്ങൾ തോന്നുംപടി പാർക്ക് ചെയ്തത്. ഇത് ആംബുലൻസുകൾ ഉൾപ്പെടെ കടന്നുവരുന്നതിൽ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

ജീവനക്കാരെ നിയമിക്കും

ആശുപത്രിയിൽ ഏതാനും സെക്യൂരിറ്റി ജീവനക്കാരെക്കൂടി നിയമിക്കുമെന്നും ഇതിനുള്ള ലിസ്റ്റ് തയാറാക്കിയിട്ടുണ്ടെന്നും നഗരസഭ അധികാരികൾ അറിയിച്ചു.

ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കുള്ള വഴിയിൽ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിച്ച നഗരസഭ ചെയർമാനേയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനേയും ആശുപത്രി വികസനസമിതിയംഗം ജെയ്‌സൺ മാന്തോട്ടം അഭിനന്ദിച്ചു.