
ഏറ്റുമാനൂർ. മഴയും കാറ്റും കനക്കുമ്പോൾ മക്കളെ ചേർത്തുപിടിച്ച് ജാഗ്രതയോടെ ഇരിക്കേണ്ടിവരുന്നു ഇവിടത്തെ കുടുംബങ്ങൾക്ക്. സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലെ അപകട ഭീഷണിയുള്ള വൃക്ഷങ്ങളോ ശിഖരങ്ങളോ സ്ഥലമുടമകൾ തന്നെ മുറിക്കണമെന്ന് തിട്ടൂരമിറക്കിയ സർക്കാർ സ്വന്തം ഭൂമിയിലെ വൻ വൃക്ഷങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. ഏതുനിമിഷവും ഒടിഞ്ഞു വീഴാവുന്ന വൃക്ഷങ്ങളുടെ ഭീഷണിയിൽ പേടിച്ചു വിറച്ച് കഴിയുന്നത് ഏറ്റുമാനൂർ പൊലീസ് ക്വാർട്ടേഴ്‌സിലെ താമസക്കാരാണ്.
നല്ല കാറ്റടിച്ചാൽ ഇവിടെയുള്ള വൻമരങ്ങൾ കടപുഴകുകയോ ശിഖരങ്ങൾ ഒടിഞ്ഞ് വീഴുകയോ ചെയ്യാം. തങ്ങൾക്ക് പേടി കൂടാതെ ഉറങ്ങാൻ വേണ്ട നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നതാണ് ഇവരുടെ ആവശ്യം. ഏറ്റുമാനൂർ പൊലീസ് ക്വാർട്ടേഴ്‌സിന് മുഖ്യമായും ഭീഷണിയായി നിൽക്കുന്നത് ഒരു വാകമരവും ഒരു ആൽമരവുമാണ്. കൊമ്പ് ഒടിഞ്ഞു വീണ് പലപ്പോഴും ക്വാർട്ടേഴ്‌സിന് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മതിയായ ഫണ്ട് ഇല്ലാത്തതുകൊണ്ടാണ് മരങ്ങൾ വെട്ടി മാറ്റത്തതെന്നാണ് സർക്കാർ ഭാഷ്യം. സർക്കാരുദ്യോഗസ്ഥർക്കു പോലും സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുവാൻ തയ്യാറാകാത്ത സർക്കാർ സാധാരണ ജനങ്ങളുടെ സുരക്ഷക്കായി എന്തെങ്കിലും ചെയ്യുമോ എന്നതാണ് നാട്ടുകാരുടെ ചോദ്യം.