തട്ടുകടയിലെ മലിനജലം ഒഴുക്കുന്നു,

വീട്ടമ്മയുടെ പരാതി നടപടിയില്ല

പാലാ: ''ഞങ്ങൾക്ക് ആകെപ്പാടെയുള്ള ചെറിയ ഓലിയിലേക്ക് തട്ടുകടയിലെ മലിനജലം മുഴുവൻ ഒഴുകിയെത്തുന്നത്. മൂക്കുപൊത്താതെ വീട്ടിലിരിക്കാൻ കഴിയില്ല. ഒരുതുള്ളി കുടിവെള്ളം പോലും എടുക്കാനുമാവില്ല. ഞങ്ങളുടെ സങ്കടം അധികാരികൾക്ക് മുമ്പിൽ എത്രവട്ടം അറിയിച്ചു. ഒരു പരിഹാരവുമില്ല'....'.

വിധവയായ പാലാ ഞൊണ്ടിമാക്കൽ തോണിക്കുഴിപ്പറമ്പിൽ സോണിയ സങ്കടത്തോടെയാണ് ഇതു പറയുന്നത്. സോണിയയും അമ്മ ലക്ഷ്മിയും താമസിക്കുന്നത് മൂന്ന് സെന്റിലെ കൊച്ചുവീട്ടിലാണ്. ഈ പുരയിടത്തോട് ചേർന്നുള്ള തട്ടുകടയിലെ മലിനജലം ഒഴുകിയെത്തുന്നത് ഇവരുടെ ജീവിതം അപ്പാടെ ബുദ്ധിമുട്ടിലാക്കുകയാണ്.

പാലാ നഗരസഭ നാലാം വാർഡിലാണ് സോണിയയും മക്കളും അമ്മ ലക്ഷ്മിയും താമസിക്കുന്നത്. ഇവരുടെ വീടിനോട് ചേർന്ന് മെയിൻ റോഡ് സൈഡിൽ നാലു വർഷം മുമ്പാണ് ഒരു തട്ടുകട ആരംഭിച്ചത്. ആദ്യ രണ്ട് വർഷം മലിനജലം അവർതന്നെ ശേഖരിച്ചുകൊണ്ടുപോകുകയായിരുന്നു. അതുകൊണ്ട് അത്രമേൽ ബുദ്ധിമുട്ടുണ്ടായില്ല.

എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി സോണിയയുടെ വീടിനോട് ചേർന്ന് തട്ടുകടക്കാർ മലിനജലം ഒഴുക്കിവിടുകയാണെന്നാണ് പരാതി. സോണിയയുടെ കൊച്ചുവീടിന്റെ ഓരം ചേർന്ന് ഒരു ഓലിയുണ്ട്. കുടിക്കാൻ ഉൾപ്പെടെ ഇവിടെ നിന്നാണ് ഇവർ വെള്ളം എടുത്തിരുന്നത്. എന്നാൽ മലിനജലം വൻതോതിൽ ഒഴുകിയെത്തിയതോടെ ഓലിയിലെ വെള്ളവും ഉപയോഗശൂന്യമായി. പലതവണ തട്ടുകട നടത്തിപ്പുകാരോട് വിവരം പറഞ്ഞു. 'എല്ലാം ക്ഷമിച്ചുകളയാനായിരുന്നു ' അവരുടെ മറുപടിയെന്ന് സോണിയ പറയുന്നു. വാർഡ് കൗൺസിലറും നഗരസഭാ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സണുമായ നീന ചെറുവള്ളിയേയും കൂട്ടി നഗരസഭ അധികൃതർക്ക് പരാതി നൽകി. അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് ജീവനക്കാരെത്തിയതല്ലാതെ മറ്റൊരു നടപടിയും ഉണ്ടായില്ല. നഗരസഭയിൽ മൂന്ന് പരാതികളും മനുഷ്യാവകാശ കമ്മീഷനിൽ ഒരു പരാതിയും നൽകി. എന്നിട്ടും നീതി കിട്ടിയില്ല എന്നതാണ് സോണിയയുടെ സങ്കടം .

മുകളിൽ പരാതി പറഞ്ഞാൽ മതി!

നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലിനെയും പരാതിയുമായി സമീപിച്ചിരുന്നു. എന്നാൽ ''മുകളിൽ പോയി പറഞ്ഞാൽ മതി'' എന്നായിരുന്നു ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ മറുപടിയെന്ന് സോണിയ പരാതിപ്പെടുന്നു. ആരും സഹായിക്കുന്നില്ലെങ്കിൽ അടുത്തയാഴ്ച നഗരസഭയ്ക്ക് മുന്നിൽ സത്യഗ്രഹമിരിക്കുമെന്നും ഈ വീട്ടമ്മ പറയുന്നു.

ഫോട്ടോ അടിക്കുറിപ്പ്

തന്റെ വീടിനോട് ചേർന്ന് ഓലിയിലേക്ക് മലിന ജലം ഒലിച്ചിറങ്ങിയത് സോണിയ ചൂണ്ടിക്കാട്ടുന്നു