കോട്ടയം: സ്‌കൂൾ പരിസരം കേന്ദ്രീകരിച്ച് നിരോധിത പുകയില വില്പന നടത്തിയ വയോധികൻ പിടിയിൽ. എരുമേലി കൊല്ലമല വാഴക്കാല വീട്ടിൽ ശശിധരൻ (70)നെയാണ് പിടികൂടിയത്. എരുമേലി ടൗണിൽ പ്രവർത്തിക്കുന്ന പ്രതിയുടെ കടയിൽ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും എരുമേലി പൊലീസും ചേർന്ന് പിടികൂടിയത്. കടയിൽ നിന്ന് 520 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും പൊലീസ് സംഘം പിടിച്ചെടുത്തു. പ്രദേശത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വലിയ തോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തുന്നതായി പൊലീസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് പൊലീസ് സംഘം പ്രദേശം കേന്ദ്രീകരിച്ച് ദിവസങ്ങളായി നിരീക്ഷണം നടത്തിവരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.