ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ വില്ലനായി

കാഞ്ഞിരപ്പള്ളി: ഒന്നര പതിറ്റാണ്ട് മുമ്പ് തുടക്കമിട്ട കാഞ്ഞിപ്പള്ളി ബൈപാസ് പദ്ധതി യാഥാർത്ഥ്യമാകാൻ ഇനിയും കാത്തിരിക്കണം. നിർമ്മാണഘട്ടത്തിന്റെ അടുത്തെത്തിയിട്ടും നിർമ്മാണം തുടങ്ങാൻ കഴിയാതെ പ്രതിസന്ധികൾ തുടരുകയാണ്. ബൈപാസിനായി 24.76 കോടി രൂപ നൽകി ഏറ്റെടുത്ത 8.64 ഏക്കർ സ്ഥലം ബൈപാസിന്റെ നിർവഹണ ഏജൻസിയായ കേരളാ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷന് കൈമാറി.ഇനി 8 പേരുടെ ഉടമസ്ഥതയിലുള്ള 21 സെന്റ് സ്ഥലം കൂടി ഏറ്റെടുക്കണം.ഇതിൽ 10.5 സെന്റ് സ്ഥലം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റേതാണ് .ഇതടക്കം 5 പേരുടെ ഭൂമികൂടി വിട്ടുനൽകി. ഇനി മൂന്നുപേരുടെ 6.25 സെന്റ് സ്ഥലം ഏറ്റെടുക്കാനുണ്ട് ഇവരുടെ സമ്മതപത്രം ലഭിക്കാത്തതാണ് പദ്ധതി അനിശ്ചിതത്വത്തിലായത്. ഇവർ മുൻകൂർ സമ്മതപത്രം നൽകാത്തതിനാൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ടൗൺഹാൾ മുതൽ ഫാബീസ് ഓഡിറ്റോറിയം വരെയുള്ള സ്ഥലമാണ് ഇതുവരെ ഏറ്റെടുത്തത്. പദ്ധതിക്കായി 78.69 കോടി രൂപയാണ് കിഫ്ബിയിൽനിന്നും അനുവദിച്ചത്. ഇതിൽ ബൈപാസിന്റെ നിർമ്മാണത്തിനായി പുതുക്കിയ റേറ്റിൽ കണക്കാക്കിയ എസ്റ്റിമേറ്റ് 30 കോടി രൂപയാണ്.

11 കോടി

11 കോടിയോളം രൂപ ചിറ്റാർപുഴയ്ക്കും കാഞ്ഞിരപ്പള്ളി മണിമല റോഡിനും മുകളിലായുള്ള ഫ്‌ളൈഓവറിന് മാത്രമാണ് ചെലവഴിക്കുന്നത്. ആർ.ബി .ഡി. സി. കെയുടെ മേൽനോട്ടത്തിൽ കിറ്റ്‌കോയാണ് ഡിസൈൻ തയാറാക്കിയിരിക്കുന്നത്. ദേശീയപാതയിലേക്ക് കടന്നുവരുന്ന വാഹനങ്ങളുടെ അപകടസാധ്യത കണക്കിലെടുത്ത് മതിയായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് ഡിവൈഡറുകളും റൗണ്ടാനകളും ചേർത്താണ് ഡിസൈൻ തയാറാക്കിയിരിക്കുന്നത്.