honeybee

കോട്ടയം. പ്രതികൂല കാലാവസ്ഥയിൽ തേൻ ഉദ്പാദനം കുറഞ്ഞതോടെ തേനീച്ചകർഷകരും പ്രതിസന്ധിയിലായി. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് തേനെടുപ്പ് കാലം. എന്നാൽ രണ്ട് വർഷമായി കാര്യമായി തേൻ കിട്ടുന്നില്ലെന്ന് കർഷകർ പറയുന്നു. നേരത്തെയെത്തിയ വേനൽമഴയാണ് പ്രതിസന്ധിക്ക് കാരണം. ഹോർട്ടികോർപ്പ്, റബർ ബോർഡ്, ഖാദി ബോർഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ തേനീച്ച വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും ഉദ്പാദനത്തിൽ വലിയ കുറവാണ് ഉണ്ടാകുന്നത്.

ജില്ലയിൽ മീനച്ചിൽ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി എന്നീ താലൂക്കുകളിലാണ് തേനീച്ച വളർത്തൽ കൂടുതലായുള്ളത്. റബർ തോട്ടങ്ങളിലാണ് തേൻകൃഷി. ഒരു പെട്ടിയിൽ നിന്ന് ശരാശരി 12 കിലോ തേൻ ലഭിക്കുമായിരുന്നു. എന്നാലിപ്പോൾ നാല് കിലോയിൽ താഴെയേ ലഭിക്കുന്നുള്ളൂ. വൻതേനാണ് കൂടുതലായും കൃഷി ചെയ്യുന്നത്. 150 രൂപയാണ് ഒരു കിലോ വൻതേനിന്റെ മൊത്തവ്യാപാര വില. ചെറുതേന് 3000 രൂപ ലഭിക്കും.

കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലം പൂക്കൾ അധികം ഇല്ലാത്തതിനാൽ കർഷകർ പഞ്ചസാര ലായനിയാണ് ഈച്ചകൾക്ക് തീറ്റയായി നൽകുന്നത്. ഒരുമാസം മൂന്ന് തവണ ഇതു നൽകണം. വർഷകാല സംഭരണത്തിനായി ഒരു കൂടിന് ഒന്നരകിലോയിലധികം പഞ്ചസാരയാണ് വേണ്ടിവരുന്നത്.

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാജതേൻ വിപണിയിൽ വ്യാപകമായതും വൻകിട കമ്പനികളുടെ കടന്നുവരവും നാടൻ കർഷകരുടെ തേനിന് വിപണിയില്ലാതാക്കി. മുൻപ് കർഷകർ ഉത്പാദിപ്പിക്കുന്ന തേൻ എടുക്കുന്നതിനായി ഖാദി കമ്മിഷന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ കേന്ദ്രീകരിച്ച് ഹണി ഡിപ്പോ പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് നിലച്ചു.

കർഷകർക്ക് ലഭിക്കുന്നത്.

വൻതേനിന് 150 രൂപ.

ചെറുതേൻ 3000 രൂപ.

പ്രതിസന്ധിക്ക് കാരണം.

കാലാവസ്ഥാമാറ്റത്താൽ പൂക്കൾ ലഭ്യമല്ലാതായി

തൊഴിലാളികൾക്കുള്ള പണിക്കൂലി 1000 രൂപയായി.

പരിചയ സമ്പന്നരായ തൊഴിലാളികളെ കിട്ടാനില്ല.

തീറ്റയായി നൽകേണ്ട പഞ്ചസാരയുടെ വിലവർദ്ധന.

അന്യസംസ്ഥാനങ്ങളിലെ വ്യാജ തേൻ വ്യാപകമായി.

പാലാ സ്വദേശിയായ തേനീച്ച കർഷകൻ ജോയ്‌സ് പറയുന്നു.


40 വർഷമായി തേൻകൃഷി രംഗത്തുണ്ട്. ഒരുവർഷത്തെ അദ്ധ്വാനമാണ് കാലാവസ്ഥ വ്യതിയാനത്തിലൂടെ നഷ്ടമാകുന്നത്. അതിനാൽ, തേനീച്ചകർഷകരെ സംരക്ഷിക്കുന്നതിനായി പ്രത്യേക പാക്കേജ് ആവിഷ്കരിക്കണം. നിലവിൽ ഹോർട്ടികോർപ്പിൽ നിന്ന് സംരംഭം തുടങ്ങുന്നതിനുള്ള സബ്‌സിഡി മാത്രമാണ് ലഭിക്കുന്നത്.