പാലാ: മൂക്കുപൊത്താതെ ഒരു മിനിറ്റ് പോലും നിൽക്കാൻ നഗരസഭ പ്രതിപക്ഷാംഗങ്ങൾക്ക് കഴിഞ്ഞില്ല, അത്രയ്ക്കായിരുന്നു അവിടുത്തെ ദുർഗന്ധം. ഞൊണ്ടിമാക്കൽ തോണിക്കുഴിപറമ്പിൽ സോണിയയുടെ മൂന്ന് സെന്റിലെ കൊച്ചുവീടും ചുറ്റുപാടും ദുർഗന്ധപൂരിതമാക്കി തട്ടുകടയിലെ മലിനജലം ഒഴുകിയെത്തുന്നതറിഞ്ഞ് സ്ഥലം സന്ദർശിക്കാനെത്തിയതായിരുന്നു പാലാ നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാർ. പ്രതിപക്ഷ പാർലമെന്ററി പാർട്ടി നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയുടെ നേതൃത്വത്തിലെത്തിയ കൗൺസിലർമാർ അസഹ്യമായ ദുർഗന്ധം മൂലം വലഞ്ഞു. ഇത്രയും മാലിന്യം നിറഞ്ഞ അന്തരീക്ഷത്തിൽ സോണിയയും കുടുംബാംഗങ്ങളും കഴിയുന്നതിലെ ദുർഗതിയും കൗൺസിലർമാർ പങ്കുവച്ചു. തട്ടുകടയിലെ മലിനജലം കുടിവെള്ള സ്രോതസിലെത്തുന്നതുമൂലം ശുദ്ധജലം കിട്ടാതെയും അസഹ്യമായ ദുർഗന്ധം മൂലവും വലയുകയാണ് സോണിയയും കുടുംബവുമെന്ന് നേരിട്ട് മനസിലായതായി പ്രൊഫ. സതീശ് ചൊള്ളാനി പറഞ്ഞു. മൂന്ന് തവണ പരാതി നൽകിയിട്ടും മുനിസിപ്പൽ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകാത്തത് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. പ്രൊഫ.സതീശ് ചൊള്ളാനി, പ്രിൻസ് വി.സി, ജോസ് എടേട്ട്, മായ രാഹുൽ, സിജി ടോണി തോട്ടത്തിൽ, ലിജി ബിജു, ലിസിക്കുട്ടി മാത്യു എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി അറിയിച്ചു.
പ്രശ്‌നം എത്രയുംവേഗം പരിഹരിക്കും: ചെയർമാൻ
പാലാ: വിധവയായ വീട്ടമ്മ താമസിക്കുന്ന വീട്ടുമുറ്റത്തേക്ക് മലിനജലം ഒഴുകുന്ന സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോൾതന്നെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിട്ട് പരിശോധിപ്പിച്ചു. എത്രയുംവേഗം പ്രശ്‌നം പരിഹരിക്കുമെന്നും വീട്ടമ്മയ്ക്കും കുടുംബത്തിനും ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുമെന്നും നഗരസഭ ചെയർമാൻ വിശദീകരിച്ചു.