കോട്ടയം: റോഡരികിൽ നിന്ന ആൽമരത്തിന്റെ ശിഖരം റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ എം.സി റോഡിൽ നിന്ന് മെഡിക്കൽ കോളേജിലേയ്ക് തിരിയുന്ന ഭാഗത്താണ് സംഭവം. ശക്തമായ കാറ്റിൽ മരത്തിന്റെ ഒരുഭാഗത്തെ ശിഖരം കടപുഴകി റോഡിലേക്ക് വീഴുകയായിരുന്നു. സംഭവസമയം റോഡിൽ ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വിവരമറിഞ്ഞ് കോട്ടയം അഗ്നിശമനസേനയും ഗാന്ധിനഗർ പൊലീസും സ്ഥലത്തെത്തി. സേനാംഗങ്ങൾ ചേർന്ന് മരക്കൊമ്പുകൾ മുറിച്ചുമാറ്റിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ കെ.ടി സലിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ അജിത് കുമാർ, പ്രിയദർശൻ, രഞ്ജു കൃഷ്ണൻ, വിപിൻ ബി.രാജ്, ജോസി പി.ജോസഫ് എന്നിവർ പങ്കെടുത്തു.