 
എരുമേലി : എരുമേലിയിൽ ഇന്നോവ കാറും ആഡംബര ബൈക്കും ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ബൈക്ക് യാത്രക്കാരായ പൊന്തൻപുഴ ചാരുവേലി സ്വദേശിയും ചേനപ്പാടിയിൽ താമസക്കാരനുമായ പാക്കാനം വീട്ടിൽ ശ്യാം സന്തോഷ് (29), ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാഹുൽ സുരേന്ദ്രൻ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.45 ഓടെ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിീസിന് സമീപം കള്ള് ഷാപ്പിന് മുന്നിലായിരുന്നു അപകടം. യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിലയ്ക്കൽ ഭദ്രാസനം മെത്രാപ്പൊലീത്ത മാർ ജോഷ്വാ സഞ്ചരിച്ച ഇന്നോവ ക്രിസ്റ്റ കാറിൽ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ രാഹുൽ മരിച്ചു. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. കാറിൽ സഞ്ചരിച്ചവർക്ക് കാര്യമായ പരിക്കില്ല. മരിച്ച യുവാക്കൾ കൽപ്പണിക്കാരാണ്. മരിച്ച ശ്യാമിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മോർച്ചറിയിലും, രാഹുലിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലുമാണ്.