കുമരകം: 119 ാമത് ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി സെപ്തംബർ 10ന് കോട്ടത്തോട്ടിൽ നടക്കും. വള്ളംകളിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് നടക്കും. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബാലതാരം ആദിത്യനെയും നാഷണൽ ലെവൽറോവിംഗിൽ സ്വർണ്ണ മെഡൽ നേടിയ അലീന ഷിബുവിനെയും ചടങ്ങിൽ ആദരിക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് ക്ലബ് ഓഫീസിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും. ആദ്യ സംഭാവന പുഷ്‌കരൻ കുന്നത്തുചിറയിൽ നിന്നും മന്ത്രി സ്വീകരിക്കും. ചടങ്ങിൽ 2019 മത്സരവള്ളംകളിയുടെ പ്രവർത്തനങ്ങളിൽ മികച്ച
പ്രവർത്തനം കാഴ്ചവച്ച ക്ലബ് അംഗങ്ങളായ ഇ.വി. പ്രസന്നൻ ഈഴക്കാവ്, കെ.കെ തങ്കച്ചൻ കൊച്ചു പുതുവീട് എന്നിവരെയും ആദരിക്കും.

ക്ലബ് പ്രസിഡന്റ് വി.എസ് സുഗേഷ് അദ്ധ്യക്ഷത വഹിക്കും. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഘലാ ജോസഫ്, ഗ്രാമപഞ്ചായത്ത് മെമ്പർ വി.സി. അഭിലാഷ് , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആർഷാ ബൈജു, എസ്.കെ.എം. ദേവസ്വം പ്രസിഡന്റ് അഡ്വ. വി.പി അശോകൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.എൻ. ജയകുമാർ, ദിവ്യാ ദാമോദരൻ,
കെ. കേശവൻ (പ്രസിഡന്റ് റീജിയണൽ സർവ്വീസ് സഹകരണ 315), എ. വി. തോമസ് (പ്രസിഡന്റ് കുമരകം സർവ്വീസ് സഹകരണ ബാങ്ക് 2298), ഫിലിഷ് സ്‌കറിയ (പ്രസിഡന്റ്, കുമരകം വടക്കുംഭാഗം സർവ്വീസ് സഹകരണ 1070) എന്നിവർ സംസാരിക്കും. ക്ലബ് ജനറൽ സെക്രട്ടറി പി എസ് രഘു സ്വാഗതവും ട്രഷറർ എം.എൻ. മുരളീധരൻ നന്ദിയും പറയും.