
37 വർഷം ജഗദ്‌മാതാവായ മൂകാംബിയുടെ പ്രധാന അർച്ചകരിൽ ഒരാളായിരുന്നു കെഎൻ നരസിംഹ അഡിഗ. 17 തലമുറകളുടെ പിന്തുടർച്ചയായി ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ കെഎൻ സുബ്രഹ്മണ്യ അഡിഗയിലേക്കാണ് ആ മഹാനിയോഗം എത്തിച്ചേർന്നിരിക്കുന്നത്. ആ നിയോഗത്തെ കുറിച്ച് ചോദിക്കുമ്പോൾ അമ്മയുടെ കാരുണ്യം എന്നല്ലാതെ മറ്റൊന്നും അതിനെ കുറിച്ച് പറയാൻ തനിക്ക് വാക്കുകളില്ലെന്ന് നരസിംഹ അഡിഗ പറയുന്നു. മൂകാംബിക സവിധത്തിൽ എത്തിക്കഴിഞ്ഞാൽ ബാഹ്യചിന്തകളൊന്നും അർച്ചകരായ അഡിഗകളെ സ്പർശിക്കാറില്ല. ജന്മസിദ്ധമായി ലഭിച്ച ദേവീ കടാക്ഷത്തെ കുറിച്ച് മനസു തുറക്കുകയാണ് നരസിംഹ അഡിഗയും മകൻ സുബ്രഹ്മണ്യ അഡിഗയും.
മൂകാംബിക ദേവിയുടെ അർച്ചകർ എന്ന വരപ്രസാദം അഡിഗ കുടുംബത്തിലേക്ക് എത്തിയതെങ്ങിനെയാണ്?
നരസിംഹ അഡിഗ: ജഗദംബികയായ മൂകാംബികയുടെ പൂജാ ചുമതല ഞങ്ങളിലേക്ക് എങ്ങിനെ വന്നു എന്ന് കൃത്യമായി പറയാനാകില്ല. 17 തലമുറകളായി മൂകാംബിക ദാസന്മാരാണ്. വിജയനഗരസാമ്രാജ്യത്തിന്റെ സാമന്ത രാജ്യമായിരുന്ന കെളതിയുടെ സാമന്തൻ വെങ്കണ്ണ സാമന്തനാണ് മൂകാംബിക ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾ ഞങ്ങൾക്ക് കൽപ്പിക്കപ്പെട്ടു നൽകിയത്. അങ്ങനെ ഔദ്യോഗിക രേഖയായത് ശാലിവാഹന ശകവർഷം 1140ൽ ആണ്. അതിനും വർഷങ്ങൾക്ക് മുമ്പു തന്നെ ഞങ്ങളുടെ പൂർവികർ മൂകാംബികയുടെ അർച്ചകരാണ്. അതുകൊണ്ടാണ് ആരംഭം പറയാൻ കഴിയാത്തത്.

ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജാവിധി എപ്രകാരമാണ്?
സുബ്രഹ്മണ്യ അഡിഗ: പുലർച്ചെ അഞ്ച് മണിക്കാണ് മൂകാംബിക ക്ഷേത്രത്തിൽ നട തുറക്കുന്നത്. തുടർന്ന് കീഴ് ശാന്തിയുടെ നേതൃത്വത്തിൽ ലിംഗ ശുദ്ധി വരുത്തും. തലേദിവസത്തെ നിർമ്മാല്യം മാറ്റി ശ്രീകോവിൽ കഴുകി വൃത്തിയാക്കുന്നതാണ് ലിംഗ ശുദ്ധി എന്നുപറയുന്നത്. ആറു മണിയോടുകൂടി മേൽശാന്തി എത്തും. ദന്തദാവന പൂജ അഥവാ പല്ലുതേപ്പ് പൂജയാണ് ആദ്യം നടക്കുക. ചുക്കും ശർക്കരയും ചേർത്ത മിശ്രിതമാണ് ആദ്യ നിവേദ്യമായി അമ്മയ‌്ക്ക് സമർപ്പിക്കുക. തുടർന്ന് പ്രാതകാലപൂജയാണ്. 7.30 മുതൽ 8.30വരെയാണ് ഇത് നടക്കുക. 8.45നും 9നും ഇടയ‌്ക്ക് ശീവേലി.
അടുത്ത പ്രധാനപൂജ 11 മണിക്കാണ്. അഭിഷേകം, അർച്ചന, നിവേദ്യം, സൂക്തങ്ങൾ എന്നിവയോടുകൂടിയ ഈ പൂജയ്‌ക്ക് മഹാപൂജ എന്നാണ് പേര്. അതിന് ശേഷമുള്ള ദീപാരാധനയും ശീവേലിയും കഴിഞ്ഞ് ഉച്ചയക്ക് 1.30ന് നട അടക്കും. തുടർന്ന് വൈകുന്നേരം മൂന്നിന് നട തുറക്കും. ആറു മണിവരെയും ദർശനമല്ലാതെ പ്രത്യേക പൂജകളൊന്നുമുണ്ടാകില്ല. ആറു മണിക്ക് പ്രദോഷ പൂജയും, അത്താഴപൂജയുമുണ്ടാകും. അതിന് ശേഷം ശീവേലിയും തുടർന്ന് കഷായനിവേദ്യത്തോടും കൂടി നട അടക്കും. കഷായ നിവേദ്യം ക്ഷേത്ര സന്നിധിയിലെത്തുന്ന എല്ലാ ഭക്തർക്കും പ്രസാദമായി നൽകും. ഇതാണ് ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജാവിധി.

മൂകാംബിക ദേവി ഏതു ഭാവത്തിലാണ് കുടികൊള്ളുന്നത്?
നരസിംഹ അഡിഗ: മൂകാംബിക ക്ഷേത്രത്തെ കുറിച്ചുള്ള ഒരു തെറ്റിദ്ധാരണ പൊതുവിൽ നിലനിൽക്കുന്നുണ്ട്. ദിവസത്തിൽ ഓരോ സമയത്തും വിവിധ ഭാവങ്ങളിലാണ് ദേവിയെ പൂജിക്കുന്നതെന്ന്. അങ്ങനൊരു സമ്പ്രദായം ഇവിടെയില്ല. കാളി ലക്ഷ്‌മി സരസ്വതി -ശിവ വിഷ്‌ണു ബ്രഹ്മ സ്വരൂപിണിയായ ദമ്പതീഭാവത്തിലാണ് മൂകാംബികയെ പൂജിക്കുന്നത്. നാലു നേരമാണ് പൂജ.
സുബ്രഹ്മണ്യ അഡിഗ: അഷ്‌ടാദശ മുഖ്യപീഠങ്ങളിൽ ശക്തിപീഠമാണ് മൂകാംബികയിലേത്. സ്വയംഭൂവായ മിഥുന ലിംഗമാണ് ഇവിടെയുള്ളത്. ലോകത്തൊരിടത്തും ഇങ്ങനെയൊരു പ്രത്യേകതയില്ല. ത്രിമൂർത്തി ദേവതാഭാവങ്ങൾ സംയോജിക്കുന്നതുകൊണ്ടുതന്നെയാണ് വിദ്യാരംഭത്തിന് മൂകാംബികയ‌്‌ക്ക് അത്രമേൽ പ്രാധാന്യം കൈവന്നത്. ഭക്തരുടെ പ്രാർത്ഥന എന്തുതന്നെയായാലും അത് സത്യസന്ധമാണെങ്കിൽ മൂകാംബിക സന്നിധിയിൽ പരിഹാരമുണ്ടാകും. സിദ്ധി ക്ഷേത്രം കൂടിയാണ് മൂകാംബിക.

എല്ലാ ക്ഷേത്രങ്ങളിലും ദർശനത്തിന് ചില ചിട്ടവട്ടങ്ങളുണ്ടല്ലോ? മൂകാംബികയിൽ അത് എങ്ങനെയാണ്?
നരസിംഹ അഡിഗ: ആദ്യകാലങ്ങളിലൊക്കെ സൗപർണിക നദിയിലെ സ്നാനത്തിന് ശേഷമാണ് മൂകാംബിക ദർശനം. 64 ഔഷദ സസ്യങ്ങളെ തഴുകി എത്തുന്ന പുണ്യവാഹിനിയാണ് സൗപർണിക. മനുഷ്യന്റെ അമിതമായ കൈകടത്തൽ ഇന്ന് സൗപർണികയെ മലീമസമാക്കിയിരിക്കുന്നു. ക്ഷേത്രത്തിൽ എത്തിയാൽ ആദ്യം തൊഴേണ്ടത് മൂകാംബിക ദേവിയെ തന്നെയാണ്. തുടർന്ന് ഉപദേവതകളെ വണങ്ങണം. സുബ്രഹ്മണ്യൻ, പ്രാണലിംഗേശ്വരൻ, പ്രാർത്ഥേശ്വരൻ, ഹനുമാൻ, നഞ്ചുണ്‌ഠേശ്വരൻ, മഹാവിഷ്‌ണു, ഗോപാലകൃഷ്‌ണൻ, വീരഭദ്രൻ എന്നിങ്ങനെയാണ് ഉപദേവതാ സാന്നിദ്ധ്യം.

മൂകാംബികയിൽ എത്തുന്നവർ കുടജാദ്രിയും സന്ദർശിച്ചേ മടങ്ങാവൂ എന്നു പറയുന്നതിൽ അർത്ഥമുണ്ടോ?
സുബ്രഹ്മണ്യ അഡിഗ: അങ്ങനെയൊരു വാദത്തിൽ കഴമ്പില്ല. കാരണം കുടജാദ്രിയും മൂകാംബികയും രണ്ടല്ല, ഒന്നുതന്നെയാണ്. കുടജാദ്രിയുടെ സാനുപ്രദേശമാണ് കൊല്ലൂർ മൂകാംബിക. കൂടജാദ്രിയിലേക്ക് പോകുന്നതിന്റെ ഉദ്ദേശ്യം തന്നെ മറ്റൊന്നാണ്. അതൊരു തപോഭൂമിയാണ്. ധ്യാനത്തിനും തപസിനും ആഗ്രഹിക്കുന്നവർ മാത്രമെ കുടജാദ്രിയിലേക്ക് പോകേണ്ടതുള്ളൂ.

തിരുവിതാംകൂർ രാജാക്കന്മാർ ക്ഷേത്രദർശനത്തിന് വരുമ്പോൾ അഡിഗ ഭവനത്തിലായിരുന്നല്ലോ വിശ്രമം?
നരസിംഹ അഡിഗ: അതെ, തിരുവിതാംകൂറിലെ രാജാക്കന്മാർ മൂകാംബിക ദർശനത്തിന് വരുമ്പോഴെല്ലാം ഞങ്ങളുടെ വീട്ടിലും സന്ദർശനം നടത്താറുണ്ട്. മുത്തച്ഛന്മാരുടെ കാലത്തെയുള്ള പതിവായിരുന്നു അത്. വീടിന് മുകൾ ഭാഗത്തായി വിശ്രമിച്ചതിനു ശേഷമായിരുന്നു അവർ മടങ്ങിയിരുന്നത്.
 
സുബ്രഹ്മണ്യ അഡിഗ: പ്രശസ്തരായ പല വ്യക്തികളും മൂകാംബികയുടെ അനുഗ്രഹം തേടി കൊല്ലൂരിൽ വരാറുണ്ട്. മൂകാംബിക സവിധത്തിലെത്തി പ്രാർത്ഥിച്ചതിന്റെ ഫലമായാണ് ഗായകൻ യേശുദാസിന് കുട്ടികൾ ജനിച്ചത്. തുടർന്ന് എല്ലാവർഷം ജന്മദിനത്തിൽ മുടങ്ങാതെ അദ്ദേഹം ഇവിടെ എത്താറുണ്ട്. ഇന്ദിരാഗാന്ധി ക്ഷേത്രദർശനം നടത്തിയ വേളയിൽ സ്വീകരിച്ചതും ക്ഷേത്ര ആചാരങ്ങളെ കുറിച്ച് പറഞ്ഞുകൊടുത്തതും മുത്തച്ഛനാണ്. രണിൽ വിക്രമ സിംഗേ ഇവിടെയെത്തി ചണ്ഡികാഹോമം നടത്തി മടങ്ങിയതിന്റെ തൊട്ടടുത്ത വാരമാണ് ശ്രീലങ്കൻ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ ക്ഷേത്ര ദർശനം നടത്തിയിട്ടില്ലെങ്കിലും മൂകാംബിക ദേവിയുടെ വലിയൊരു ഭക്തനാണ് അദ്ദേഹം. അതുമായി ബന്ധപ്പെട്ട ഒരു അനുഭവം പറയാം, ഒരുദിവസം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഞങ്ങൾക്ക് ഒരു സന്ദേശമെത്തി. മോദിജിയുടെ പേരിൽ ചണ്ഡികാഹോമം നടത്തണം. ഏറ്രവും സുപ്രധാനമായ ഒരു തീരുമാനമെടുക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹമെന്നും, അതിനു മുന്നോടിയായി മൂകാംബികയുടെ അനുഗ്രഹം ഉണ്ടാകണമെന്നുമായിരുന്നു സന്ദേശം. പൂജാപ്രസാദം ഞങ്ങൾ നേരിട്ടുതന്നെയാണ് പ്രധാനമന്ത്രിയുടെ വസതിയിലെത്തി അദ്ദേഹത്തിന് കൈമാറിയത്. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതായിരുന്നു ആ സുപ്രധാന തീരുമാനമെന്ന് പിന്നീട് അറിയാൻ കഴിഞ്ഞു.

എല്ലാ ദിവസവും ഉത്സവം എന്ന അപൂർവതയും മൂകാംബികയിലുണ്ടല്ലോ?
നരസിംഹ അഡിഗ: എല്ലാ ദിവസവും ഉത്സവമുള്ള മഹാക്ഷേത്രമാണ് മൂകാംബിക. ദിവസേന മൂന്ന് നേരങ്ങളിലായുള്ള ശീവേലി ഉത്സവം, എല്ലാ വെള്ളിയാഴ്‌ചകളും നടക്കുന്ന വാരോത്സവം, 15 ദിവസം കൂടുമ്പോൾ നടക്കുന്ന പക്ഷോത്സവം, പൗർണമി ദിനത്തിലെ ഉത്സവം മാസോത്സവം, ആറുമാസം തോറുമുള്ളത് നവരാത്രി ഉത്സവവും, വാർഷിക ഉത്സവമായ രഥോത്സവവുമാണ് മൂകാംബികയിലെ പ്രത്യേകത.
ചിത്രങ്ങൾക്ക് കടപ്പാട്- പൃഥ്വിരാജ്