
ഈ വർഷം മേയ് മാസത്തിൽ മാത്രം ത്രീ വീലർ സെഗ്മെന്റിന്റെ വാർഷിക റീട്ടെയിൽ വില്പനയിൽ മികച്ച വളർച്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തേതിൽ നിന്ന് 695.93 ശതമാനം വളർച്ചയാണ് ത്രീ വീലർ വില്പനയിൽ ഈ വർഷം ഉണ്ടായത്. 2021 മാർച്ചിൽ 5,215 യൂണിറ്റുകൾ വിറ്റപ്പോൾ അത് ഈ മേയിൽ 41,508 യൂണിറ്റുകളായി ഉയർന്നു. എന്നാൽ 2022 ഏപ്രിലിലെ വില്പന വച്ച് നോക്കുമ്പോൾ ഇത് കുറവാണ്. 42,396 യൂണിറ്റുകളാണ് ഏപ്രിലിൽ വിറ്റത്.
വില്പനയിൽ ഒന്നാം സ്ഥാനത്തുള്ളത് ബജാജ് ഓട്ടോ ലിമിറ്റഡാണ്. ഈ സെഗ്മെന്റിൽ 10,000 യൂണിറ്റിലധികം വിറ്റ ഏക കമ്പനിയും ബജാജ് തന്നെയാണ്. 2021 മേയ് മാസത്തിൽ ബജാജ് വിറ്റത് വെറും 1,872 യൂണിറ്റുകളായിരുന്നു. അത് ഇക്കൊല്ലം 10,492 ആയി ഉയർന്നു. അതേസമയം ബജാജിന്റെ വിപണി വിഹിതം 2021 മേയിലെ 35.90 ശതമാനത്തിൽ നിന്ന് 2022 മേയ് ആയപ്പോഴേക്കും 25.28 ശതമാനമായി ഇടിഞ്ഞു.
പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡാണ് മേയ് മാസത്തിലെ വില്പനയിൽ രണ്ടാം സ്ഥാനത്ത്. 4,177 യൂണിറ്റുകളാണ് അവർ വിറ്റത്. 2021 മേയിൽ അത് വെറും 664 മാത്രമായിരുന്നു. എന്നാൽ വിപണി വിഹിതം 2021 ലെ 12.73 ശതമാനം എന്നതിൽ നിന്ന് 10.06 ശതമാനമായി കുറഞ്ഞു.
ഈ വർഷം ആദ്യമാണ് കമ്പനി ഇലക്ട്രിക് ഓട്ടോ റിക്ഷയും കാർഗോ 3 വീലറും അവതരിപ്പിച്ചത്. ആപെ ഇ എക്സ്ട്ര എഫ് എക്സ് കാർഗോ 3 വീലറിന് 3,12,137 രൂപയും ആപെ സിറ്റി എഫ് എക്സ് ഇലക്ട്രിക് റിക്ഷയ്ക്ക് 2,85,878 രൂപയുമാണ് ഫെയിം രണ്ട് സബ്സിഡിയ്ക്ക് ശേഷമുള്ള വില.
വൈ സി ഇലക്ട്രിക്കാണ് വില്പനയിൽ മൂന്നാം സ്ഥാനത്ത്. 2021 മേയിലെ 170 യൂണിറ്റ് വില്പനയിൽ നിന്ന് 2022 മേയിൽ കമ്പനി 2,045 യൂണിറ്റുകൾ വില്പനയിലേക്ക് ഉയർന്നു. വൈ സിയുടെ വിപണി വിഹിതം 3.26 ശതമാനത്തിൽ നിന്ന് 4.93 ശതമാനമായി ഉയർത്താനും കമ്പനിയ്ക്കായി.
വില്പനയിൽ മഹീന്ദ്രയാണ് നാലാം സ്ഥാനം നേടിയത്. 2021 മേയിൽ 379 യൂണിറ്റുകൾ വിറ്റ മഹീന്ദ്രയ്ക്ക് 2022 മേയിൽ 1,764 യൂണിറ്റുകൾ നിരത്തിലിറക്കാൻ സാധിച്ചു. പക്ഷെ വിപണി വിഹിതം 7.27 ശതമാനത്തിഷ നിന്ന് 4.25 ശതമാനമായി കുറഞ്ഞു.
സയറ (1,367), ടി വി എസ് (1,218), ഡില്ലി ഇലക്ട്രിക് (1,019), ചാമ്പ്യൻ പോളി പ്ലാസ്റ്റ് (940), യുണീക്ക് ഇന്റർനാഷണൽ (770), മിനി മെട്രോ (752), ജെ എസ് ഓട്ടോ (623), ടെറ മോട്ടോഴ്സ് (546), ബെസ്റ്റ് വേ (542), വാനി (476) എന്നീ കമ്പനികളാണ് വില്പന പട്ടികയിൽ താഴെയുള്ളത്.