
ജോണി ഡെപ്പ് - ആംബർ ഹേഡ് ജോഡി.... ഒരിക്കൽ ഹോളിവുഡ് ഇരുവരുടെയും പ്രണയം ആഘോഷിച്ചു. ഇപ്പോൾ കോടതി മുറിയിൽ ഇരുവരും പരസ്പരം ചെളിവാരി എറിയുന്നു
ജോണി ഡെപ്പും ആംബർ ഹേഡും തമ്മിലുണ്ടാകാൻ പോകുന്ന അടുത്ത കേസ് എന്തായിരിക്കും?ഹോളിവുഡ് ആകാംക്ഷയോടെ നോക്കുന്നത് അതാണ്. 2009ൽ ' ദ റം ഡയറി "യുടെ സെറ്റിൽ മൊട്ടിട്ട പ്രണയം വിവാഹത്തോടെ വില്ലനായി മാറി. ഫ്രഞ്ച് നടി വെനേസ പാരഡിസുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് സൂപ്പർതാരം ജോണി ഡെപ്പ് തന്നെക്കാൾ 22 വയസിന് ഇളയതായ നടി ആംബറുമായി യാത്ര ആരംഭിച്ചത്. 2015ൽ ഇരുവരും വിവാഹിതരായി.ഹോളിവുഡിലെ സുന്ദര പ്രണയങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെട്ട രണ്ടുപേരുടെയും ദാമ്പത്യ ജീവിതം വെറും 15 മാസത്തോളമാണ് നീണ്ടത്. ആംബറാണ് വിവാഹ മോചന ഹർജി നൽകിയത്. കാരണം മറ്റൊന്നുമല്ല, സിനിമയിലെ ഹീറോയായ ഡെപ്പ് ജീവിതത്തിൽ വില്ലനാണത്രെ. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഡെപ്പ് തന്നെ ഉപദ്രവിക്കുന്നതായും യോജിച്ച് പോകാനാകില്ലെന്നുമായിരുന്നു ആംബർ പറഞ്ഞത്.
ഫെയറിടെയ്ൽ ലവ് സ്റ്റോറിയെന്ന് വിശേഷിപ്പിച്ചവരെ ആംബർ ഞെട്ടിച്ചു. ആംബറിന്റെ ആരോപണങ്ങൾ തള്ളിയ ഡെപ്പാകട്ടെ, ഇതൊക്കെ സാമ്പത്തിക പരിഹാരം ഉറപ്പാക്കാനുള്ള ആബംറിന്റെ ശ്രമമാണെന്ന് ആരോപിച്ചു. ഏതായാലും ഒരു വർഷത്തിനുള്ളിൽ രണ്ട് പേരും വേർപിരിഞ്ഞു. ആംബറിന് 7 മില്യൺ യു.എസ് ഡോളർ നഷ്ടപരിഹാരം നൽകിയാണ് ഡെപ്പ് ഒത്തുത്തീർപ്പിലെത്തിച്ചത്.അങ്ങനെ, കാര്യങ്ങൾ ശാന്തമായെന്ന് കരുതിയെങ്കിലും 2018ൽ വാഷിംഗ്ടൺ പോസ്റ്റിൽ ആംബർ എഴുതിയ ഒരു ലേഖനം എരിതീയിൽ എണ്ണയായി. ഗാർഹിക പീഡനം നേരിടുന്ന സ്ത്രീകളെ പറ്റിയുള്ള ആ ലേഖനത്തിൽ ആംബർ ഡെപ്പിനെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും വായിക്കുന്നവർക്ക് വരികൾക്കിടയിലൂടെ ഡെപ്പിന്റെ രൂപം കാണാമായിരുന്നു. അവസരം കിട്ടാൻ കാത്തിരുന്ന പോലെ ഡെപ്പ് ഇതുമായി കോടതി കയറി.ആ കേസിനാണ് ഇപ്പോൾ തീർപ്പുണ്ടായത്.ആംബറിന്റെ പരാമർശങ്ങൾ തന്റെ കരിയറിനെ ബാധിച്ചെന്ന് കാട്ടി 50 മില്യൺ ഡോളർ ആവശ്യപ്പെട്ട് ഡെപ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. 
കേസ് റദ്ദാക്കാൻ ശ്രമിച്ചിട്ടും ഫലം കാണാതായതോടെ ആംബർ 100 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് തിരിച്ച് ഫയൽ ചെയ്തു. ഇതിനിടെ തനിക്കെതിരെ ലേഖനമെഴുതി അപകീർത്തിപ്പെടുത്തിയെന്ന പേരിൽ ദ സൺ ടാബ്ലോയ്ഡിനെ ഡെപ്പ് യു.കെ കോടതിയിൽ കയറ്റിയെങ്കിലും ആംബറിന്റെ വാദങ്ങൾ കണക്കിലെടുത്ത് അപ്പീൽ തള്ളി.ഡെപ്പ് ഫയൽ ചെയ്ത മാനനഷ്ടക്കേസിന്റെ വിചാരണ ഇക്കഴിഞ്ഞ ഏപ്രിൽ 12നാണ് വിർജീനിയയിൽ ആരംഭിച്ചത്. ശാരീരിക, മാനസിക പീഡനങ്ങൾ മുതൽ വധ ഭീഷണി വരെ ഡെപ്പിൽ നിന്ന് താൻ നേരിട്ടതെല്ലാം ആംബർ കോടതി മുറിയിൽ കരഞ്ഞുകൊണ്ട് എണ്ണിയെണ്ണി പറഞ്ഞു. എല്ലാം ആംബറിന്റെ നാടകമാണെന്ന ഭാവത്തിൽ ആരോപണങ്ങൾ നിഷേധിച്ച ഡെപ്പ് താനാണ് ഗർഹിക പീഡനത്തിന് ഇരയായതെന്ന് ആരോപിച്ചു.ഇതിനിടെ ടെസ്ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്കുമായുള്ള സൗഹൃദവും ആംബറിനെതിരെ ആയുധമാക്കപ്പെട്ടു. 
ഏതായാലും സോപ്പ് ഓപ്പറ പോലെ സസ്പെൻസ് നിറഞ്ഞ ഈ കേസിന്റെ ക്ലൈമാക്സ് ഡെപ്പിന് അനുകൂലമായി മാറി. ആറാഴ്ച നീണ്ട കോടതി നടപടിക്കൊടുവിൽ ഡെപ്പിന് 15 ദശലക്ഷം യു.എസ്.ഡോളർ ആംബർ നൽകണമെന്ന് കോടതി വിധിച്ചു.ഡെപ്പ് ആംബറിന് രണ്ട് ദശലക്ഷം ഡോളറും നൽകണം. പരാജയമറിഞ്ഞ ആംബറിന്റെ അടുത്ത നീക്കം കാത്തിരുന്നുകാണാം.