മികച്ചസ്വഭാവ നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഉണ്ണിമായ പ്രസാദ് സംസാരിക്കുന്നു

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ ജോജിയിലെ ബിൻസിയെ അവതരിപ്പിച്ച് മികച്ച സ്വഭാവ നടിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഉണ്ണിമായ പ്രസാദ്. ഒപ്പം മഹേഷിന്റെ പ്രതികാരത്തിലെ സാറ, പടയിലെ കെ എസ് മിനി തുടങ്ങി അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്റെ കയ്യൊപ്പ് പതിപ്പിച്ച അഭിനേത്രി. ആർക്കിടെക്ട്
, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, അസിസ്റ്റന്റ് ഡയറക്ടർ എന്നീ നിലകളിലും തന്റെ മികവ് തെളിയിച്ച ഉണ്ണിമായ, അവാർഡ് വിശേഷങ്ങൾ കേരളകൗമുദിയോട് പങ്കുവച്ചു.
'ജോജിയിലെ ബിൻസി"എന്ന കഥാപാത്രത്തിന്റെ സ്വഭാവവും, മാനറിസങ്ങളും വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോൾ സംസ്ഥാന പുരസ്കാരവും. എന്തു തോന്നുന്നു?
കൊവിഡ് കാലത്തായിരുന്നു ജോജിയുടെ ഷൂട്ടിംഗ്. ഏറെ പ്രയാസങ്ങൾ സഹിച്ചാണ് ആ സിനിമ പൂർത്തിയാക്കിയത്. ആ പ്രയത്നത്തിന് അവാർഡ് ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ജോജി ടീമിന്റെ വിജയമാണത്.
മികച്ച അവലംബിത തിരക്കഥയ്ക്കുള്ള അവാർഡ് ജോജിയിലൂടെ ഭർത്താവ് ശ്യാം പുഷ്കരന് ലഭിച്ചല്ലോ.?
അതേ, തീർച്ചയായും അതിലും ഒരുപാട് സന്തോഷമുണ്ട്. ജോജിയിലൂടെ ആ ടീമിന്റെ വിജയമാണ് ഞങ്ങൾ ആസ്വദിക്കുന്നത്.
പുരസ്കാര പ്രഖ്യാപനം വന്നപ്പോൾ എല്ലാവരും ഒത്തൊരുമിച്ച് കൈകോർത്തു പിടിച്ച് എത്തിയല്ലോ?
അതേ, തങ്കം എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ തലേദിവസമാണ് അവാർഡ് അനൗൺസ് ചെയ്തത്. സിനിമയുമായി ബന്ധപ്പെട്ട ചർച്ചയിൽ ഇരിക്കുമ്പോഴാണ് വാർത്ത വന്നത്. അതുകൊണ്ട് അപ്പോൾത്തന്നെ നേരിട്ട് അഭിനന്ദനങ്ങൾ കൈമാറാനായി. സത്യത്തിൽ ഒരു വ്യത്യസ്ത അനുഭവമായിരുന്നു. മീഡിയയെ അഭിമുഖീകരിക്കാൻ പോലും കൂട്ടായി എത്താനായി.
തങ്കത്തെപ്പറ്റി ?
തങ്കത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഏകദേശം ഒരു 60 ദിവസത്തെ ഷെഡ്യൂൾ ആണ്. ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി തുടങ്ങിയവർ ഉൾപ്പെടുന്ന ചിത്രമാണ്. ശ്യാം പുഷ്കരന്റെ രചനയിൽ ഷഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രം. പ്രീ പ്രൊഡക്ഷൻ വർക്കുകൾ കൊവിഡിനു മുൻപേ പൂർത്തിയാക്കിയ ചിത്രമാണെങ്കിൽ കൂടി ചില സങ്കേതിക തടസ്സങ്ങൾ മൂലമാണ് ഷൂട്ടിംഗ് വൈകിയത്.
അഞ്ചാം പാതിരയിലും ജോജിയിലും മുഴുനീള വേഷത്തിലാണ് ഉണ്ണിമായ തിളങ്ങിയത്
ജോജിയ്ക്കും അഞ്ചാം പാതിരായ്ക്കും മുൻപാണ് ഞാൻ പടയിൽ അഭിനയിച്ചത്. അന്നും ഇന്നും എന്നെ സംബന്ധിച്ചിടത്തോളം ക്യാമറയ്ക്ക് മുൻപിലും പിറകിലും ആകാംക്ഷയാണ്. അഭിനയിച്ച ഭാഗം എന്താകും എങ്ങനെയാകും എന്ന ചിന്ത എപ്പോഴുമുണ്ട്. ഒരോ പുതിയ ചിത്രം ചെയ്യുമ്പോഴും ആ ഒരു ആകാംക്ഷ കൂടുന്നതല്ലാതെ ഒട്ടും കുറയുന്നില്ല.
തങ്കത്തിന്റെ വിശേഷങ്ങൾ എന്തൊക്കയാണ്? അഭിനയിക്കുന്നുണ്ടോ?
തങ്കത്തിൽ അഭിനയിക്കുന്നില്ല. പ്രൊഡക്ഷൻ ടീമിനൊപ്പമാണ്. തങ്കത്തിന്റെ തുടക്കം തന്നെ ഇങ്ങനെ ഒരു വാർത്ത കേട്ടുകൊണ്ടായത് സന്തോഷത്തിനും അഭിമാനത്തിനും വകയായി. തുടങ്ങാനിരിക്കുന്ന വർക്കിന് കിട്ടുന്ന ഏറ്റവും വലിയ എനർജിയാണ് ഈ കൂട്ടായ്മയുടെ വിജയം.
തങ്കത്തിൽ അഭിനയിക്കുന്ന ബിജു മേനോനും അവാർഡ് ലഭിച്ചല്ലോ?
ബിജു മേനോൻ മികച്ച നടനാണ്. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്ന സന്തോഷത്തിൽ നിൽക്കുമ്പോഴാണ് അവാർഡ് വിവരം അറിയുന്നത്. അത് ഇരട്ടി സന്തോഷത്തിനുള്ള വകയായി.
അവാർഡ് അനൗൺസ് ചെയ്തപ്പോൾ ബിൻസിയെ ഓർമ്മിച്ചോ?
ഒരു മുറിയിലിരുന്ന ആറുപേർക്ക് അവാർഡ് കിട്ടുക. അതിലും വലിയ സന്തോഷം വേറെ ഇല്ലല്ലോ. ജോജിക്ക് അവാർഡ് കിട്ടും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. കാരണം ടെക്നിക്കലി അതൊരു നല്ല ചിത്രമാണെന്ന അഭിപ്രായക്കാരിയാണ് ഞാൻ. എന്നാൽ ബിൻസിക്ക് അവാർഡ് കിട്ടുമെന്ന പ്രതീക്ഷ ഒട്ടും ഉണ്ടായിരുന്നില്ല. അവാർഡ് കിട്ടിയെന്നറിഞ്ഞപ്പോൾ സത്യത്തിൽ വളരെ എക്സൈറ്റഡ് ആയി.
ഉണ്ണിമായ പ്രസാദ് സംവിധാനം ചെയ്യുന്ന സിനിമ പ്രതീക്ഷിക്കാമോ?
ഇല്ല.അത് ഉടനെ ഒന്നും ഉണ്ടാവില്ല.ഇപ്പോൾ ഇങ്ങനെ പോകട്ടെ.
ചിൽ സാറ ചിൽ
ഏതെങ്കിലും ചടങ്ങിന് പോകുമ്പോൾ ഇപ്പോഴും അറിഞ്ഞോ അറിയാതെയോ ആരെങ്കിലുമൊക്കെ ചിൽ സാറ ചിൽ പറഞ്ഞു കേൾക്കാറുണ്ട്. അത് ട്രോളുകൾ ആയും മിക്കവാറും കാണാറുണ്ട്. അത് ആസ്വദിക്കാറുമുണ്ട്.
പുതിയ ചിത്രങ്ങൾ
സംഗീത് രാജൻ സംവിധാനം ചെയ്യുന്ന ചിത്രമായ പാൽതൂജാൻവറിന്റെ ചിത്രീകരണം കഴിഞ്ഞു. വൈകാതെ റിലീസുണ്ടാകും. അതിലൊരു വേഷം ചെയ്തിട്ടുണ്ട്. അതിന്റെ പ്രൊഡക്ഷനും ഞങ്ങളാണ്. 'എന്നാ താൻ കേസ് കൊട്" എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട്.
ലേഖികയുടെ ഫോൺ : 9496690371