vijay-babu

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ വിദേശത്തേക്ക് കടന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു ഇന്ന് കൊച്ചിയിൽ തിരിച്ചെത്തും. രാവിലെ ഒമ്പതരയോടെ എത്തുമെന്നാണ് സൂചന. തുടർന്ന് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകും.

അറസ്റ്റ് ചെയ്യരുതെന്ന കോടതി നിർദേശമുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. കേസിൽ നടന് ഇന്നലെ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം നൽകിയിരുന്നു. വിജയ് ബാബുവിന്റെ അറസ്റ്റ് വ്യാഴാഴ്ച വരെയാണ് തടഞ്ഞത്.

ദുബായിൽ നിന്ന് ഇന്ന് കൊച്ചിയിലെത്താൻ വിജയ് ബാബു എടുത്ത ഫ്ലൈറ്റ് ടിക്കറ്റിന്റെ പകർപ്പ് നേരത്തെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഹർജി വീണ്ടും പരിഗണിക്കുന്ന ജൂൺ രണ്ടുവരെ അറസ്റ്റ് തടഞ്ഞത്.

മാർച്ച് 16, 22 തീയതികളിൽ വിജയ് ബാബു പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസും ഇയാൾക്കെതിരെയുണ്ട്. സിനിമയിൽ അവസരങ്ങൾ വാഗ്ദ്ധാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്തെന്നാരോപിച്ച് ഏപ്രിൽ 22നാണ് നടി പൊലീസിൽ പരാതി നൽകിയത്.