
കൊച്ചി: പോളിംഗ് കുറഞ്ഞത് അനുകൂലമെന്ന് തൃക്കാക്കരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ്. യു ഡി എഫ് കോട്ടകളിലാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയതെന്നും വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
തോൽവിയെക്കുറിച്ച് ചിന്തിക്കുന്നേയില്ല. വിജയിക്കുമെന്ന് തന്നെയാണ് വിശ്വാസം. വികസന പ്രവർത്തനങ്ങൾ വേണമെന്ന ജനങ്ങളുടെ ആഗ്രഹം, ഭരിക്കുന്ന പാർട്ടിയുടെ എം എൽ എ, ഇത്രയും ചിട്ടയായ പാർട്ടി പ്രവർത്തനവുമെല്ലാം കാണിക്കുന്നത് മിന്നുന്ന വിജയം ഉണ്ടാകുമെന്ന് തന്നെയാണ്.
പാർട്ടി ഏൽപിച്ച ദൗത്യം ഭംഗിയായി പൂർത്തീകരിച്ചു. നാളെ മുതൽ ആശുപത്രിയിൽ പോയി തുടങ്ങും.- ജോ ജോസഫ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസും പ്രതികരിച്ചു. മികച്ച ഭൂരിപക്ഷമുണ്ടാകുമെന്നും തൃക്കാക്കരക്കാർ കൈവിടില്ലെന്നും അവർ വ്യക്തമാക്കി.