
കൊൽക്കത്ത: പ്രശസ്‌ത ബോളിവുഡ് പിന്നണി ഗായകൻ കെ.കെ എന്ന കൃഷ്‌ണകുമാർ കുന്നത്തിന്റെ വിയോഗത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വീട്ടുകാരുടെ സമ്മതം ലഭിച്ചശേഷം ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും നടത്തും. കൊൽക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ സംഗീത പരിപാടിയ്‌ക്ക് ശേഷം മടങ്ങിയെത്തിയ കെ.കെ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ അദ്ദേഹത്തെ ഉടൻ കൽക്കട്ട മെഡിക്കൽ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. അവസാന പരിപാടിയുടെ ചിത്രങ്ങൾ ഇൻസ്‌റ്റഗ്രാമിൽ 10 മണിക്കൂർ മുൻപ് അദ്ദേഹം പോസ്‌റ്റ് ചെയ്‌തിരുന്നു.
കെ.കെയുടെ മുഖത്തും തലയിലും മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കൊല്‍ക്കത്തയിലെ പരിപാടിയുടെ സംഘാടകരുടേയും ഹോട്ടല്‍ ജീവനക്കാരുടേയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. 
 
കെ കെയുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ രാജ്യത്തൊട്ടാകെയുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ച് എത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ് എന്നിവരടക്കം നിരവധി പ്രമുഖർ കെ.കെയ്‌ക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ അന്തിമോപചാരം അർപ്പിച്ചു.
കാൽനൂറ്റാണ്ടോളമായി പിന്നണി ഗായകനിരയിൽ സജീവമായിരുന്നു കെ.കെ. ഡൽഹിയിലാണ് ജനനമെങ്കിലും മലയാളിയായ കെകെ എഴുന്നൂറോളം ഗാനങ്ങൾ വിവിധ ഭാഷകളിൽ പാടിയിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്,മലയാളം, ബംഗാളി, കന്നട എന്നീ ഭാഷകളിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചു.
1999ൽ ആദ്യ മ്യൂസിക് ആൽബമായ 'പൽ' സോളോ സ്‌ക്രീൻ ആൽബത്തിനുളള സ്‌റ്റാർ സ്‌ക്രീൻ അവാർഡ് നേടി.അന്ന് കൗമാരക്കാർക്കിടയിൽ വലിയ തരംഗമാണ് ഈ ആൽബം സൃഷ്‌ടിച്ചത്. ഫിലിം ഫെയർ അവാർഡ് സൗത്ത്, 2012ലെ ഈണം സ്വരലയ അവാർഡ് അടക്കം നിരവധി അവാർഡുകൾ നേടുകയും നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്. ജ്യോതി കൃഷ്‌ണയാണ് കെകെയുടെ ഭാര്യ. കുന്നത്ത് നകുൽ, കുന്നത്ത് താമര എന്നിവർ മക്കളാണ്.