kk

ബോളിവുഡിലെ തിരക്കേറിയ ഗായകൻ. ഒട്ടനവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച താരം. കരിയറിൽ എഴുന്നൂറിലേറെ ഗാനങ്ങൾ. കെ.കെ എന്ന കൃഷ്‌ണകുമാർ കുന്നത്തിന്റെ വിയോഗം സംഗീത ലോകത്തിന് തീരാ നഷ്ടമാണ്.

തൃശൂർ തിരുവമ്പാടി സ്വദേശി സി.എസ് മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനാണ് കെ.കെ. 1968ൽ ഡൽഹിയിലാണ് അദ്ദേഹം ജനിച്ചത്. മലയാളം എഴുതുവാനും വായിക്കാനും അറിയില്ലെങ്കിലും ഡൽഹിയിൽ വളർന്ന കെ.കെയ്ക്ക് മലയാളം സംസാരിക്കാൻ അറിയാമായിരുന്നു. മോൺട് സെന്റ് മേരീസ് സ്‌കൂളിലും കിരോരി മാൽ കോളേജിലുമായി പഠനകാലം പൂർത്തിയാക്കിയ താരം പിന്നീട് മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവായി ജോലി നോക്കി.

kk

സ്വന്തമായി റോക്ക് മ്യൂസിക് ഗ്രൂപ്പുണ്ടാക്കി പാടിയിരുന്ന കെ.കെ പരസ്യട്യൂണുകൾ മൂളി സംഗീത രംഗത്ത് ചുവടുവച്ചു. മുംബയിൽ എത്തിയത് ജീവിതത്തിൽ വഴിത്തിരിവായി. ഒട്ടേറെ പരസ്യചിത്രങ്ങളിലും ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം പാടിയിട്ടുണ്ട്.

കരിയറിൽ എഴുന്നൂറിലേറെ ഗാനങ്ങൾ ആലപിച്ച കെ.കെ മലയാളത്തിൽ പാടിയിട്ടുള്ളത് ഒരൊറ്റ പാട്ടാണ്. 2009ല്‍ ദീപന്‍ സംവിധാനം ചെയ്‌ത പൃഥ്വിരാജ് നായകനായെത്തിയ 'പുതിയ മുഖം' എന്ന ചിത്രത്തിലെ 'രഹസ്യമായി' എന്ന് തുടങ്ങുന്ന ഗാനമാണ് കെ.കെ ആലപിച്ചത്. ദീപക്ക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.

kk

മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിൽ പാടാറുണ്ടെങ്കിലും മലയാളത്തിൽ പാടുന്നത് തനിക്ക് കഠിനമാണെന്നായിരുന്നു കെ.കെ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്. താൻ സംസാരിക്കുന്ന മലയാളം പ്രശ്നമില്ലെന്ന് കരുതിയിരുന്ന ഗായകൻ മലയാളത്തിലെ തന്റെ ഉച്ചാരണശുദ്ധിയില്ലായ്‌മ സ്വീകരിക്കുമോ എന്നതിൽ സംശയിച്ചിരുന്നു.

എന്നാൽ മലയാളത്തില്‍ കൂടുതല്‍ പാട്ടുകള്‍ പാടാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ
മലയാളത്തില്‍ പാടാനുള്ള ഓഫറുകൾ സ്വീകരിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന ഒരു ധാരണ മലയാളം സംഗീത സംവിധായകര്‍ക്ക് ഉണ്ടായിരുന്നുവോയെന്ന സംശയവും അദ്ദേഹം പങ്കുവച്ചിരുന്നു. മലയാളം ഗാനങ്ങള്‍ കേള്‍ക്കാൻ ഇഷ്ടമുള്ള കെ.കെ കേരളത്തെ ഏറെ സ്നേഹിച്ചിരുന്ന വ്യക്തികൂടിയായിരുന്നു.

ചൊവ്വാഴ്‌ച കൊൽക്കത്തയിൽ ഒരു സംഗീത പരിപാടിയ്‌ക്ക് ശേഷം മടങ്ങിയെത്തിയ കെ.കെ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ അദ്ദേഹത്തെ ഉടൻ കൽക്കട്ട മെഡിക്കൽ റിസ‌ർച്ച് ഇൻസ്‌റ്റി‌റ്റ്യൂട്ടിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.

kk