akshay-kumar

ന്യൂഡൽഹി: വാരണാസിയിലെ ഗ്യാൻവാപി കേസിൽ പ്രതികരിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതിനെ പറ്റി ആധികാരികമായി പറയേണ്ടത് സർക്കാരോ എ എസ് ഐ യോ ആണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. പള്ളി സംബന്ധിച്ച കേസ് നിലവിൽ വാരണാസി ജില്ലാക്കോടതിയിലും സുപ്രീം കോടതിയിലുമായിട്ടാണ് നടക്കുന്നത്.

ആർക്കിയോളജിക്കൽ സർവേയും ജഡ്ജിമാരും അതിനെക്കുറിച്ച് പറയുന്നതാണ് നല്ലത്. അവർക്കാണ് ഇതിനെപ്പറ്റി കൂടുതൽ അറിയാവുന്നത്. ഞാൻ അടുത്തിടയാണ് ആ വീഡിയോ കാണുന്നത്. എനിക്ക് അതിൽ നിന്ന് അത്ര കാര്യങ്ങളൊന്നും മനസിലായിട്ടില്ല. കണ്ടിട്ട് ഒരു ശിവലിംഗം പോലെ തോന്നുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

ഗ്യാൻവാപി കേസ് ജൂലായ് 4 ലേക്ക് മാറ്റി

കാശി വിശ്വനാഥ് - ഗ്യാൻവാപി പള്ളി സമുച്ചയത്തിലെ ശൃംഗാർ ഗൗരിയിൽ ആരാധനയ്ക്ക് അനുമതി തേടി അഞ്ച് ഹിന്ദു സ്ത്രീകൾ നൽകിയ ഹർജി സംബന്ധിച്ച കേസ് വാരണാസി ജില്ലാ കോടതി ജൂലായ് നാലിന് വാദം കേൾക്കാൻ മാറ്റി. ശൃംഗാർ ഗൗരിയിൽ മുഴുവൻ സമയ ആരാധനയ്ക്ക് അനുമതി വേണമെന്ന ഹിന്ദു സ്ത്രീകളുടെ ഹർജി നിലനിൽക്കില്ലെന്ന അഞ്ജുമാൻ ഇന്തസാനിയ മസ്ജിദ് കമ്മിറ്റിയുടെ ഹർജി ആദ്യം പരിഗണിച്ച ജില്ലാ കോടതി മേയ് മാസം 30ന് രണ്ടാം തവണയാണ് വാദം കേട്ടത്. ഹിന്ദു ഹർജിക്കാരുടെ വാദങ്ങൾ അന്നും മസ്ജിദ് കമ്മിറ്റി എതിർത്തു. സർവെയുടെ ചിത്രങ്ങളും വീഡിയോകളും പരസ്യപ്പെടുത്താൻ അനുവദിക്കരുതെന്നും ആവശ്യമുന്നയിച്ചു.