shashi-tharoor

ന്യൂഡൽഹി: അപൂർവമായി മാത്രം ഉപയോഗിച്ചുകാണുന്നതും വിചിത്രവുമായ വാക്കുകളുമായെത്തി ഞെട്ടിക്കുന്നയാളാണ് ശശി തരൂർ എംപി. അദേഹം അവതരിപ്പിക്കുന്ന വാക്കുകൾ ചർച്ചയാകാറുമുണ്ട്. ഇപ്പോഴിതാ സാധാരണക്കാർക്ക് സങ്കീർണമായ മറ്റൊരു വാക്കുമായി എത്തിയിരിക്കുകയാണ് ശശി തരൂർ.

കാലഘട്ടത്തിന്റെ വാക്ക് എന്ന വിശേഷണവുമായി 'ഡൂംസ്‌ക്രോളിംഗ്' എന്ന വാക്കാണ് എംപി ട്വിറ്ററിൽ പങ്കുവച്ചത്. മോശം വാർത്തകൾ നിരന്തരമായി അന്വേഷിക്കുകയും വായിക്കുകയും ചെയ്യുന്ന പ്രവർത്തിയെയാണ് ഡൂംസ്‌ക്രോളിംഗ് എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. തെറ്റായ വാർത്തകളുടെ വർദ്ധിച്ച ഉപഭോഗം രാഷ്ട്രീയ വിഷാദം ഉണ്ടാക്കുന്നതിനൊപ്പം മാനസികമായ ദോഷഫലങ്ങളും ഉണ്ടാക്കുമെന്നും ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

Word of the Era!
Merriam Webster Dictionary says they are watching the increasing use of this term (along with “doomsurfing”). Increased consumption of predominantly negative news could have psychological ill effects, in addition to causing political depression…. pic.twitter.com/YoDJjtAuxe

— Shashi Tharoor (@ShashiTharoor) May 31, 2022

അടുത്തിടെ ഇന്ത്യൻ റെയിൽവേയെ പരിഹസിച്ചുകൊണ്ട് തരൂർ പങ്കുവച്ച വാക്കും ഏറെ ശ്രദ്ധനേടിയിരുന്നു. 'ക്വൊമെഡോകൊൺക്വിസ്' എന്ന വാക്കായിരുന്നു തരൂർ പരിചയപ്പെടുത്തിയത്. ഏത് വിധേനയും പണം സമ്പാദിക്കുക എന്നതാണ് ഈ വാക്കിനർത്ഥം. സീനിയർ സിറ്റിസൺസ് കൺസെഷൻസ് എന്ന ഹാഷ്‌ടാഗോടോയാണ് തരൂർ പുതിയ വാക്ക് ട്വീറ്റ് ചെയ്തത്. 2020ല്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ 60 വയസിന് മുകളിലുള്ളവർക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനുള്ള ഇളവ് റെയില്‍വേ റദ്ദാക്കിയിരുന്നു. കൊവിഡ് പ്രതിസന്ധിയിൽ മാറ്റമുണ്ടായെങ്കിലും ഇത് പുനഃസ്ഥാപിക്കാത്തതിനെ വിമർശിച്ചാണ് തരൂർ 'ക്വൊമെഡോകൊൺക്വിസ്' എന്ന വാക്ക് പങ്കുവച്ചത്.

'ക്വോക്കർവോഡ്‌ജർ', 'അലോഡോക്‌സോഫോബിയ', 'ഫ്ലോസിനോസിനിഹിലിപിലിഫിക്കേഷൻ', 'ഫരാഗോ', 'ട്രോഗ്ലോഡൈറ്റ്' എന്നിവയാണ് തരൂർ ഇതിന് മുൻപ് പരിചയപ്പെടുത്തിയ വാക്കുകൾ.